വാളയാർ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ പന്ത്രണ്ടിന് പരിഗണിക്കും

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലുളള പ്രതികളുടെ ജാമ്യാപേക്ഷ കോടതി പന്ത്രണ്ടിന് പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സിബിെഎയും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.  

പെണ്‍കുട്ടികള്‍ പീഡ‍നത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ സിബിെഎ അന്വേഷണം തുടങ്ങിയിരിക്കെ പാലക്കാട് പോക്സോ കോടതിയിലാണ് കേസ് നടപടികള്‍ നടക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി പോക്സോ കോടതി റിമാന്‍ഡ് ചെയ്ത രണ്ടു പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്നാണ് പ്രതിഭാഗം അഭിഭാഷകരുടെ അപേക്ഷ. നേരത്തെ രണ്ടരവര്‍ഷം തടവില്‍ കിടന്നശേഷം കേസില്‍ തെളിവില്ലാതെ വിട്ടയച്ചവരാണെന്നും ഇപ്പോള്‍ വിചാരണപോലും നടക്കാതിരിക്കെ 105 ദിവസമായി വീണ്ടും തടവിലായെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. 

ജാമ്യാപേക്ഷ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സിബിെഎയുടെ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് കോടതിയില്‍ ഹാജരായി അപേക്ഷ നല്‍കി. സിബിെഎ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാല്‍ വാദം നടന്നില്ല. തുടര്‍ന്ന് കേസ് പരിഗണിക്കാനായി പന്ത്രണ്ടിലേക്ക് മാറ്റി. 2017 ജനുവരി 13 നാണ് പതിമൂന്നുകാരിയായ മൂത്തപെണ്‍കുട്ടിയും മാര്‍ച്ച് നാലിന് ഒന്‍പതുകാരിയായ സഹോദരിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്