പെരിയ ഇരട്ടക്കൊല: സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ സിബിഐ റെയ്ഡ്

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സിപിഎം ബ്രാഞ്ച് ഓഫിസില്‍ പരിശോധന നടത്തി. ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫിസില്‍ നടത്തിയ പരിശോധനയില്‍ മിനിടുസ് അടക്കമുള്ള രേഖകള്‍ കണ്ടെടുത്തു. ഡിവൈഎസ്പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒരുമാസം മുന്‍പ് ഉദുമ ഏരിയ കമ്മിറ്റി ഓഫിസില്‍ നടത്തിയ പരിശോധനയ്ക്കുശേഷം വീണ്ടും സിപിഎം ഓഫിസില്‍ സിബിഐ എത്തുന്നു. ഇരട്ടക്കൊലയ്ക്കുശേഷം ഏറെ നാളുകളായി തുറക്കാതെ കിടക്കുന്ന ഏച്ചിലടുക്കം ബ്രാഞ്ച് ഓഫിസിലാണ് സിബിഐ സംഘം പരിശോധന നടത്തിയത്. പാര്‍ട്ടി ഭാരവാഹികളെ വിളിച്ചുവരുത്തി തുറപ്പിച്ചായിരുന്നു പരിശോധന. കൊല നടന്ന ദിവസമായ 2019 ഫെബ്രുവരി പതിനേഴിലെ യോഗത്തിന്‍റെ വിവരങ്ങളടങ്ങിയ മിനുട്സാണ് അന്വേഷണസംഘം പിടിച്ചെടുത്തത് എന്നാണ് സൂചന. തുടര്‍ന്ന് പ്രതികള്‍ ആയുധങ്ങള്‍ ഒളിപ്പിച്ച സ്ഥലങ്ങളിലും പരിശോധന നടത്തി. കൊല നടന്ന ദിവസം ഈ ഓഫിസില്‍ ബ്രാഞ്ച് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നതായി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഉണ്ടായിരുന്നതാണ്. കേസില്‍ ചില സിപിഎം പ്രാദേശിക നേതാക്കളെ ചോദ്യംചെയ്യാനും വിളിപ്പിച്ചതായാണ് വിവരം. നേരത്തെ ഉദുമ ഏരിയ കമ്മിറ്റി ഓഫിസിലും സിബിഐ സംഘം പരിശോധന നടത്തിയിരുന്നു.