വിവാഹത്തിന് നിര്‍ബന്ധിച്ചു; കാമുകിയെ കഴുത്തറുത്ത് കൊന്ന യുവാവ് പിടിയിൽ

tamilnadu-murder
SHARE

തമിഴ്നാട് വെല്ലൂരിൽ കാമുകിയെ കഴുത്തറുത്ത് കൊന്ന യുവാവ് പിടിയിൽ. ചെന്നൈ സ്വദേശിയായ യുവതിയെയാണ് കാമുകൻ ഹേമരാജ് കൊലപ്പെടുത്തിയത്. തന്നെക്കാൾ എട്ടുവയസ്സ് കൂടുതലുള്ള യുവതി വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലപാതക കാരണം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ചെന്നൈ സ്വദേശിയായ ദീപയെയാണ് വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കാമുകൻ ഹേമരാജാണ് കൊലപാതകിയെന്ന് കണ്ടെത്തിയത്.  33 കാരിയായ ദീപ 2014 ല്‍ വിവാഹിതയായെങ്കിലും ഭർത്താവിൽ നിന്ന് അകന്ന്  മാതാപിതാക്കൾക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ചെന്നൈയിലെ ഒരു മൊബൈൽ കടയിൽ ജീവനക്കാരിയാണ്. ഇതിനിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഹേമരാജെന്ന 25കാരനെ   പരിചയപ്പെടുന്നത്. ഏറെ നാളായുള്ള സൗഹൃദം  പ്രണയമായി. എന്നാൽ തന്നെ വിവാഹം കഴിക്കണമെന്ന ദീപയുടെ ആവശ്യം ഹേമരാജ് അംഗീകരിച്ചിരുന്നില്ല. ഇതിനെ ചൊല്ലി തർക്കം പതിവായിരുന്നു.  

റെയിൽവേ എക്സാമിനായി പഠിക്കാൻ ദീപയെ ഹേമരാജ് നിർബന്ധിച്ചിരുന്നു. ഗുഡിയാത്തത് വന്നാൽ നേരിൽ കാണാമെന്നും പഠിക്കാനുള്ള ബുക്കുകൾ നൽകാമെന്ന് ഹേമരാജ് അറിയിച്ചു. അങ്ങനെയാണ് കഴിഞ്ഞ പതിനാലാം തീയതി ദീപ വെല്ലൂരിലേക്ക് പോയത്. ഒരുമിച്ച്  നേദേരി വനമേഖല സന്ദർശിക്കുന്നതിനിടെ വീണ്ടും വിവാഹ കാര്യം ചർച്ചയായി. തന്നെക്കാൾ എട്ടു വയസ് കൂടുതലുള്ള ദീപയെ വിവാഹം ചെയ്യാൻ ആകില്ലെന്ന് ഹേമരാജ് പറഞ്ഞു. തർക്കം മൂത്തതോടെ ദീപയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 

നിലവിൽ അറസ്റ്റിലായ അമ്പത്തൂർ സ്വദേശിയായ ഹേമരാജ് മുമ്പ് പെൺകുട്ടിയെ ട്രെയിനിൽ വച്ച് ആക്രമിച്ചതിന് അറസ്റ്റിലായിരുന്നു. 11 മാസം മുമ്പ് ജയിലിൽ നിന്ന് ഇറങ്ങിയ ഇയാൾ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു. 

MORE IN Kuttapathram
SHOW MORE