പത്തൊന്‍പതുകാരന്റെ മരണം; ബൈക്കിലിടിച്ച കാര്‍ കണ്ടെത്താന്‍ വ്യാപക തിരച്ചിൽ

പത്തൊന്‍പതുകാരന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബൈക്കിലിടിച്ച കാര്‍ കണ്ടെത്താന്‍ പൊലീസിന്റെ ഊര്‍ജിത ശ്രമം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസാണ് കാറില്‍ നിന്ന് ഇളകിവീണ ഭാഗത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ച് പൊതുജനങ്ങളുടെ സഹായം തേടുന്നത്. വെള്ളിപ്പറമ്പ് സ്വദേശി ആദിലിനെ ഇടിച്ചുവീഴ്ത്തിയ വാഹനത്തിന് വേണ്ടിയാണ് വ്യാപക തിരച്ചിൽ‍. 

കഴിഞ്ഞമാസം ഇരുപത്തി നാലിന് രാത്രിയിലാണ് കൊടല്‍ നടക്കാവില്‍ ആദില്‍ സഞ്ചരിച്ചിരുന്ന KL 11 AE 1369 എന്ന ഇരുചക്രവാഹനത്തില്‍ കാറിടിച്ചത്. ആദില്‍ അപകടസ്ഥലത്ത് തന്നെ മരിച്ചു. ഇടിച്ചുവീഴ്ത്തിയ വാഹനം നിര്‍ത്താതെ പാഞ്ഞു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് പൊലീസിന് ലഭിച്ചത്. ഏത് ഗണത്തില്‍പ്പെട്ട വാഹനമെന്ന് തിരിച്ചറിഞ്ഞെങ്കിലും അപകടമുണ്ടാക്കിയ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. ഡ്രൈവറുടെ ദിശയില്‍ വാഹനത്തിന് കാര്യമായ കേടുപാടുണ്ടായിട്ടുണ്ടെന്നാണ് പൊലീസിന് നിഗമനം. 

അറ്റകുറ്റപ്പണിക്കായി വര്‍ക് ഷോപ്പിലോ ഷോറൂമിലോ എത്താനുള്ള സാധ്യതയുണ്ട്. ഈ വിവരം ലഭിച്ചാല്‍ പന്തീരാങ്കാവ് പൊലീസിനെ അറിയിക്കണമെന്നാണ് സി.ഐയുടെ അറിയിപ്പ്. റോഡിനോട് ചേര്‍ന്നുള്ള വിവിധ സ്ഥാപനങ്ങളിലെ സി.സി.ടി.വി പരിശോധിച്ചെങ്കിലും സംശയം തോന്നുന്ന മട്ടിലുള്ള വാഹനം കണ്ടെത്താനായില്ല. 

അപകടത്തിന് പിന്നാലെ കാറോടിച്ചിരുന്നവര്‍ ചെറുവഴികളിലൂടെ രക്ഷപ്പെടാനുള്ള സാധ്യതയാണ് പൊലീസ് സംശയിക്കുന്നത്. ആദിലിന്റെ കുടുംബത്തിന് ഇടിച്ച വാഹനം കണ്ടെത്തുന്നത് വരെ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സഹായസാധ്യത പരിമിതമാണ്. ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് ചിത്രങ്ങള്‍ പരമാവധി പ്രചരിപ്പിച്ച് തുമ്പ് കണ്ടെത്താനുള്ള പൊലീസ് ശ്രമം.