ഓൺലൈനിൽ 10000 രൂപയുടെ ഫോൺ ബുക്ക് ചെയ്തു ; കിട്ടിയത് ഒഴിഞ്ഞ ബോക്സ്

 ഓൺലൈനിൽ മൊബൈൽഫോൺ ബുക്ക് ചെയ്ത യുവാവിനു ലഭിച്ചത് ഒഴി‍ഞ്ഞ കവറും വാറന്റി കാർഡും മാത്രമെന്ന് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വള്ളക്കടവ് കാവുംചേരി പ്രജിലാലാലാണ് പരാതിക്കാരൻ. 10000 രൂപ വില വരുന്ന ഫോണാണ് ബുക്ക് ചെയ്തത്. ഇഎംഐ പ്രകാരം ആയിരുന്നു ഇടപാട്.

കഴിഞ്ഞ ദിവസം പ്രാദേശിക വിതരണ ഏജൻസിയുടെ പ്രതിനിധി മൊബൈൽ ഫോൺ എത്തി എന്നു പറഞ്ഞു വീട്ടിൽ വന്നു കവർ കൈമാറി. പ്രതിനിധിയുടെ മുന്നിൽവച്ചു തന്നെ തുറന്നു നോക്കിയപ്പോൾ ഇതിനുള്ളിൽ ഫോൺ ഇല്ലായിരുന്നു. തുടർന്ന് വിവരം കമ്പനിയിൽ അറിയിക്കാം എന്നു ഉറപ്പു നൽകി ഇയാൾ പോയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല .

തുടർന്ന് യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രാദേശിക ഏജൻസിയെ വിളിച്ചു വരുത്തിയ പൊലീസ് ഫോൺ അല്ലെങ്കിൽ നഷ്ടപരിഹാരം എന്നു നിർദേശിച്ചിരിക്കുകയാണ്. ഇഎംഐ പ്രകാരം തുക അടയ്ക്കേണ്ട ദിവസം എത്താത്തതിനാൽ യുവാവിനു സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.