മോഷ്ടിച്ച ഫോണ്‍ കുടുക്കി; ഒന്നരവര്‍ഷം കഴിഞ്ഞ് ഹൈവേ കവർച്ചക്കാർ പിടിയിൽ

ദേശീയപാതയില്‍ ഉള്‍പ്പെടെ കാര്‍യാത്രക്കാരെ ആക്രമിച്ച് പണം തട്ടുന്ന സംഘത്തെ പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ചാസംഘം കൈക്കലാക്കിയ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒന്നരവര്‍ഷത്തിന് ശേഷം രണ്ടു പ്രതികള്‍ അറസ്റ്റിലായത്. പാലക്കാട് നൂറണി ചടനംകുര്‍ശി കളത്തില്‍ വീട്ടില്‍ അക്കു എന്ന അക്ബര്‍(30), നൂറണി ചിറക്കല്‍ വീട്ടില്‍ അര്‍സല്‍ എന്നിവരാണ് അറസ്റ്റിലായത്. ഏഴു മുതല്‍ പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെയുളളത്. 2019 മെയ്13ന് രാത്രി പുഞ്ചപ്പാടം റോഡില്‍ വച്ച് മലപ്പുറം സ്വദേശി സി.എച്ച്. ജംഷാദലി, സുഹൃത്ത് അബ്ദുല്‍ ജലീല്‍ എന്നിവരെ ആക്രമിച്ചു. 

മൂന്നുകാറുകളിലെത്തിയ പ്രതികള്‍ 18ഫാനുകളും ഒരു ഐഫോണ്‍ ഉള്‍പ്പെടെ മൂന്നു മൊബൈല്‍ ഫോണുകളും കവര്‍ന്നു. ഐഫോണിന്റെ ഐ.എം.ഇ.നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ വഴിത്തിരിവായത്. േകസില്‍ പാലക്കാട് സ്വദേശികളായ സുഭാഷ്, പ്രമോദ് എന്നീ രണ്ടുപേരെ പിടികൂടാനുണ്ട്. സുഭാഷ് കഞ്ചാവ് കേസില്‍ വിശാഖപട്ടണത്ത് ജയില്‍ ശിക്ഷ അനുഭവിക്കുന്നു. പ്രമോദ് കോയമ്പത്തൂരിലുണ്ടെന്നാണ് വിവരം. കോയമ്പത്തൂര്‍ മുണ്ടൂര്‍ പെരിന്തല്‍മണ്ണ പാതയില്‍ സമാനമായ നിരവധി കേസുകളാണുളളത്.