വനിതാ പൊലീസുകാര്‍ വേഷം മാറിയെത്തും; രാത്രി സൂരക്ഷ കൂട്ടും

കോഴിക്കോട് നഗരത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാന ഇടങ്ങളില്‍ വനിതാ പൊലീസുകാര്‍ വേഷം മാറിയെത്തുമെന്ന് ഡി.സി.പി എം.ഹേമലത. രാത്രികാലങ്ങളില്‍ പ്രത്യേക സുരക്ഷാ കരുതലുണ്ടാകും. ലഹരികടത്ത് തടയാന്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുമെന്നും ഡി.സി.പി മനോരമ ന്യൂസിനോട് പറഞ്ഞു. മറ്റ് ജില്ലകളില്‍ നിന്ന് നഗരത്തിലെത്തുന്ന സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും. താമസം, യാത്ര തുടങ്ങിയ കാര്യങ്ങളില്‍ രാത്രികാലങ്ങളില്‍ സുരക്ഷ കൂട്ടും. 

ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് വനിതകള്‍ക്ക് ഏത് തരത്തിലുള്ള പരാതിയും അറിയിക്കാം. വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം കുറയ്ക്കാന്‍ രക്ഷിതാക്കളെ ഉള്‍പ്പെടുത്തി പ്രത്യേക ബോധവല്‍ക്കരണം നടത്തും. നഗരത്തില്‍ രാത്രികാലങ്ങളില്‍ കവര്‍ച്ച കൂടുന്നതായ പരാതി പ്രത്യേകം പരിശോധിക്കും. ക്രൈം സ്ക്വാഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്നും ഡി.സി.പി അറിയിച്ചു.