വാളയാറില്‍ 30 കിലോ കഞ്ചാവുമായി 3 യുവാക്കൾ അറസ്റ്റിൽ

പാലക്കാട് വാളയാറില്‍ വന്‍ കഞ്ചാവ് കടത്ത് എക്സൈസ് പിടികൂടി. മുപ്പതുകിലോ കഞ്ചാവുമായി മൂന്നു യുവാക്കളാണ് അറസ്റ്റിലായത്. പാലക്കാട്‌ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായി വാളയാര്‍ ടോള്‍ പ്ളാസയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് കോയമ്പത്തൂരില്‍ നിന്ന് യാത്രാബസില്‍ കൊണ്ടുവരികയായിരുന്നു. മുപ്പതുകിലോ കഞ്ചാവാണ് മൂന്നു യുവാക്കളില്‍ നിന്ന് പിടികൂടിയത്. കൊല്ലം സ്വദേശികളായ പത്തൊന്‍പതു വയസുളള ഷാന്‍ , ഇരുപതുകാരനായ മുഹമ്മദ് ഷെഫിന്‍, ഇടുക്കി സ്വദേശി ഇരുപത്തിനാലു വയസുളള മാർലോൺ മാനുവൽ എന്നിവരാണ് അറസ്റ്റിലായത്. 

കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് കൊല്ലം ഇടുക്കി ജില്ലകളിലേക്ക് വില്‍പ്പന നടത്തുന്നതാണ് രീതി. പിടിയിലായ മാർലോസ്‌ മാനുവൽ എറണാകുളം ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിൽ NDPS കേസുകളിലെ പ്രതിയാണ്. കേരളത്തിലേക്ക് കടത്താനായി കൂടുതല്‍ ലഹരിവസ്തുക്കള്‍ തമിഴ്നാട് കേന്ദ്രമാക്കി പ്രതികള്‍ സൂക്ഷിച്ചിട്ടുണ്ടോയെന്ന് എക്സൈസ് അന്വേഷിക്കുന്നു. സംഘത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് അന്വേഷണം ഉൗര്‍ജിതമാക്കിയതായി പാലക്കാട്‌ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ എ.രമേശ് പറഞ്ഞു.