കമ്പംമേട് ക്ഷേത്രത്തിൽ മോഷണം; പഞ്ചലോഹ വിഗ്രഹം കവർന്നു

ഇടുക്കി കമ്പംമേട് പോത്തിൽക്കണ്ടത്ത് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ മോഷണം.  ക്ഷേത്രത്തിനു മുമ്പിലെ കാണിക്കവഞ്ചിയിൽ പ്രതിഷ്ഠിച്ചിരുന്ന പഞ്ചലോഹ വിഗ്രഹമാണ് നഷ്ടപ്പെട്ടത്. കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കമ്പംമേടിന് സമീപം പോത്തിൽകണ്ടത്ത് സ്ഥിതി ചെയ്യുന്ന  എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ  ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലാണ് കഴിഞ്ഞ  രാത്രിയിൽ മോഷണം നടന്നത്. ക്ഷേത്രത്തിന് മുൻപിൽ സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചിയുടെ മുകളിലെ പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടിച്ചത്. നാല് വർഷം മുമ്പാണ് വിഗ്രഹം സ്ഥാപിച്ചത്. കാണിക്കവഞ്ചി കുത്തിത്തുറക്കുവാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ വിശ്വാസികളാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കമ്പംമെട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.