വ്യവസായിയുടെ വീട്ടില്‍നിന്ന് വന്‍ പുരാവസ്തു ശേഖരം പിടികൂടി; അന്വേഷണം കേരളത്തിലേക്ക്

ചെന്നൈ സെയ്ദാപേട്ടിലെ വ്യവസായിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ വന്‍ പുരാവസ്തു ശേഖരം പിടികൂടി. തമിഴ്നാട്ടിലെ വിഗ്രഹകടത്ത് കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പ്രമുഖ എക്സ്പോര്‍ട്ട് കമ്പനി ഉടമ രണ്‍വീര്‍ ഷായുടെ വീട്ടില്‍ നിന്നും പുരാവസ്തുക്കള്‍ പിടിച്ചെടുത്തത്. ഭൂരിഭാഗം വിഗ്രഹങ്ങളും വാങ്ങിയത് കേരളം പുതുച്ചേരി എന്നിവിടങ്ങളിലെ ഇടനിലക്കാരില്‍ നിന്നാണെന്നും  അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

അമ്പത്തിയാറ് പുരാതന കരിങ്കല്‍ വിഗ്രഹങ്ങള്‍, കൊത്തുപണികളുള്ള ഇരുപത്തിരണ്ട് ക്ഷേത്ര തൂണുകള്‍, പന്ത്രണ്ട് ലോഹ വിഗ്രഹങ്ങള്‍ തുടങ്ങിയവയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. ക്ഷേത്രങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടവയാണ് ഇവയെന്നും ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങള്‍ക്ക് പതിറ്റാണ്ടുകളോളം പഴക്കമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആറടിയിലധികം ഉയരമുള്ള വിഗ്രഹങ്ങളുമുണ്ട്. വീട്ടിലും പരിസരങ്ങളിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഐ.ജി. പൊന്‍മാണിക്യവേലിന്‍റെ നേതൃത്വത്തിലുള്ള പ്രത്യക സംഘമാണ് വ്യവസായി രണ്‍വീര്‍ഷായുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പുരാവസ്തുക്കള്‍ വില്‍ക്കുന്നതിന് പ്രത്യേക ലൈസന്‍സ് ആവശ്യമാണ്.

തമിഴ്നാട്ടില്‍ നിലവിലാര്‍ക്കും അത്തരത്തിലൊരു ലൈസന്‍സ് പുരാവസ്തു വകുപ്പ് നല്‍കിയിട്ടില്ല. വിഗ്രഹങ്ങള്‍ വാങ്ങിവച്ചത് കൂടാതെ വില്‍പ്പന നടത്തിയോ എന്നും തെളിയേണ്ടതുണ്ട്.  നേരത്തെ, ലൈസന്‍സില്ലാതെ വിഗ്രഹങ്ങള്‍ വിറ്റതിന് ദീനദയാള്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യാന്തര വിഗ്രഹക്കടത്ത് സംഘവുമായി ബന്ധമുള്ളയാളായിരുന്നു ദീനദയാള്‍. ഇയാളില്‍ നിന്നും വിഗ്രഹങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് രണ്‍വീര്‍ ഷാ മൊഴി നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യാന്തര സംഘങ്ങളുമായി രണ്‍വീര്‍ ഷായ്ക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 

കേരളം , പുതുച്ചേരി എന്നിവിടങ്ങളിലെ ഇടനിലക്കാരില്‍ നിന്നാണ് വിഗ്രഹങ്ങള്‍ വാങ്ങിയത് എന്നും രണ്‍ബിര്‍ മോഴി നല്‍കി. അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ കൂടി വരുന്ന വിഗ്രഹക്കടത്ത് കേസുകള്‍ സിബിഐ ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ല എന്ന കാരണം ചൂണ്ടിക്കാട്ടി അന്വേഷണം സിബിഐ ഏറ്റെടുത്തില്ല. വിഗ്രഹക്കടത്ത് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതി പ്രത്യേക ബഞ്ചിന് രൂപം നല്‍കിയിട്ടുണ്ട്.