കോഴിക്കോട് ഒരുമാസത്തിനിടെ 288 കേസ്; പരിശോധന കൂട്ടി എക്സൈസ്

തിരഞ്ഞെടുപ്പിന് ലഹരികടത്ത് തടയുന്നതിന്റെ ഭാഗമായുള്ള പരിശോധനയില്‍ കോഴിക്കോട് ജില്ലയില്‍ ഒരുമാസത്തിനിടെ എക്സൈസ് റജിസ്റ്റര്‍ ചെയ്തത് 288 കേസുകള്‍. നൂറ്റി മുപ്പത്തി എട്ടുപേരെ പിടികൂടി. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇരുപത്തി നാല് മണിക്കൂര്‍ നീളുന്ന പരിശോധന വിപുലമാക്കുന്നതിനാണ് തീരുമാനം. 

ഇരുപത് ദിവസത്തിനിടെ ഏഴായിരത്തി നാനൂറ് ലീറ്റര്‍ വാഷ് പിടികൂടി. പതിനെട്ട് ലീറ്റര്‍ ചാരായവും, 38 ലീറ്റര്‍ മാഹി മദ്യവും കണ്ടെടുത്തു. കഞ്ചാവും നിരോധിത പാന്‍മസാലയും ഉള്‍പ്പെടെ 107 കിലോ ലഹരിവസ്തുക്കളും പിടികൂടി. മദ്യക്കടത്തിന് ഉപയോഗിച്ച ആറ് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. മുന്‍കാലങ്ങളിലും ലഹരികടത്ത് കേസില്‍പ്പെട്ടവരാണ് അറസ്റ്റിലായതില്‍ ഭൂരിഭാഗവും. പലരും ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും വില്‍പനയില്‍ പങ്കാളികളാകുകയാണ്. ഇവരെ പ്രത്യേകം നിരീക്ഷിച്ച് വ്യാജവാറ്റും മദ്യക്കടത്തും തടയാനാണ് എക്സൈസിന്റെ ശ്രമം.  

പൊലീസ്, റവന്യൂ, വനം തുടങ്ങിയ വകുപ്പുകള്‍ കൂടി എക്സൈസിന്റെ പരിശോധനയുടെ ഭാഗമാകും. മണം പിടിച്ച് ലഹരി കണ്ടെത്താന്‍ ശേഷിയുള്ള പൊലീസ് നായയുടെ സേവനവും വരും ദിവസങ്ങളില്‍ പ്രയോജനപ്പെടുത്തും. അടിവാരത്തും മാഹിയോട് ചേര്‍ന്നുള്ള അഴിയൂരിലുമായിരിക്കും കൂടുതല്‍ ശ്രദ്ധ. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും പുതുവല്‍സരം പിന്നിടുന്നത് വരെ എക്സൈസ് പരിശോധന തുടരും.