പണം അനുവദിക്കാൻ വൈകി; പഞ്ചായത്ത് പ്രസിഡന്റിന് കരാറുകാരന്റെ മർദ്ദനം

തൃശൂർ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.വിനോദിനെ ഓഫിസിൽ കയറി കരാറുകാരൻ ആക്രമിച്ചു. മഴക്കാല പൂർവ ശുചീകരണത്തിന്റെ പണം അനുവദിക്കാൻ വൈകിയതാണ് ആക്രമണത്തിനു കാരണം. വടിവാൾ വീശിയുള്ള ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.  

നട്ടുച്ചയ്ക്കായിരുന്നു ചേർപ്പ് പഞ്ചായത്ത് ഓഫിസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കരാറുകാരൻ ജിതേഷ് ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.വിനോദിനെ ഓഫിസിൽ കയറി മുഖത്തടിച്ചു. പല്ലുകൾ ഇളകി. മറ്റു അംഗങ്ങളും ജീവനക്കാരും കരാറുകാരനെ പിടിച്ചുമാറ്റി. പുറത്തു നിർത്തിയിട്ട കാറിനകത്തു നിന്ന് വടിവാളെടുത്ത് വീണ്ടും വന്ന് വധഭീഷണി മുഴക്കി. 

പല്ലുകൾക്ക് പരുക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി. മഴക്കാല പൂർവ ശുചീകരണത്തിന്റെ തുകയിൽ ആദ്യഗഡു കരാറുകാരന് കൈമാറിയിരുന്നു. തുക കൂടുതലായതിനാൽ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു.

കരാറുകാരനെതിരെ ചേർപ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. മഴക്കാല പൂർവ ശുചീകരണത്തിന്റെ തുക പഞ്ചായത്ത് നൽകുന്നില്ലെന്ന് കാട്ടി കരാറുകാരൻ നേരത്തെ പൊലീസിന് പരാതി നൽകിയിരുന്നു.