വായ്പ് പുതുക്കി നൽകാത്തതിന് മര്‍ദ്ദനം; സിസിടിവി ദൃശ്യം പുറത്തുവിട്ടു

തൃശൂർ കാട്ടൂരിൽ എസ്.ബി.ഐ. ബാങ്ക് മാനേജരെ വായ്പ കിട്ടാത്തതിന്റെ പേരിൽ ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടന രംഗത്ത്. ആക്രമണത്തിന്റെ തീവ്രത വ്യക്തമാകാൻ സിസിടിവി ദൃശ്യങ്ങളും സംഘടന പുറത്തുവിട്ടു. കഴിഞ്ഞ ദിവസം പട്ടാപകലാണ് കാട്ടൂർ എസ്.ബി.ഐ ശാഖയ്ക്കു മുമ്പിൽ മാനേജരെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചത്. വായ്പ് പുതുക്കി നൽകാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു കർഷകന്റെ ആക്രമണം. 

മാനദണ്ഡങ്ങളും നിയമങ്ങളും അനുസരിച്ച് രേഖകൾ കൊണ്ടുവരാനായിരുന്നു മാനേജർ നിർദ്ദേശിച്ചത്.  ഇതിന്റെ പേരിൽ കമ്പി വടിക്കൊണ്ട് തലയ്ക്കടിച്ചത് ബാങ്ക് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണെന്ന് എസ്.ബി.ഐ. ഓഫീസേഴ്‌സ് അസോസിയേഷൻ കേരള സർക്കിൾ വ്യക്തമാക്കി. അക്രമിയ്ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്ന് സംഘടനാ ഭാരവാഹികളായ  വി.കെ. പ്രേമചന്ദ്രനും ജി. ആർ. ജയകൃഷ്ണനും ആവശ്യപ്പെട്ടു. അക്രമിയെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.