ഓടിമറഞ്ഞ ലോറി ഡ്രൈവർ മരിച്ച നിലയിൽ; ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം

ആലപ്പുഴയില്‍ വാഹന പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ലോറി ഡ്രൈവര്‍ മരിച്ച നിലയിൽ. കൊല്ലം ചവറ സ്വദേശി ഷാനവാസാണ് മരിച്ചത്. അനാവശ്യ പരിശോധന വഴി ഉദ്യോഗസ്ഥര്‍ നടത്തുന്ന പീഡനമാണ് മരണകാരണമെന്ന് ടിപ്പര്‍ ലോറി ഭരവാഹികള്‍ കുറ്റപ്പെടുത്തി. ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഗതാഗത കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി

ദേശീയപാതയില്‍ കഞ്ഞിക്കുഴി ഭാഗത്ത് രാത്രി ഒന്‍പതുമണിയോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ലോറിക്ക് കൈകാണിച്ചത്. ചേര്‍ത്തല ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറി മുന്നോട്ടുപോയി നിര്‍ത്തിയശേഷം ഡ്രൈവറും സഹായിയും ഇറങ്ങി. പിന്നെ ഇരുവരും ഓടി. വാഹനം കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ അധികഅളവില്‍ ലോഡ് ഉണ്ടെന്ന് കണ്ടെത്തി. ഉടമ എത്തി പിഴയൊടുക്കിയെങ്കിലും ഓടിപ്പോയ ഷാനവാസിനെ കണ്ടെത്താനായില്ല. രാത്രി രണ്ടുമണിയോടെയാണ് കളിത്തട്ട് ജംക്ഷന് സമീപമുള്ള വീടിന് പുറകില്‍ ഷാനവാസിെന മരിച്ച നിലയില്‍ കണ്ടത്.

അനുവദനീയമായതിലും കൂടുതല്‍ ലോഡ് ലോറികളില്‍ കൊണ്ടുപോകുന്നത് തടയാന്‍ കഴിഞ്ഞ കുറെദിവസങ്ങളായി പരിശോധന കര്‍ശനമാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിച്ചതാണ് ഷാനവാസിന്റെ മരണത്തിന് കാരണമെന്ന് ടിപ്പര്‍ ടോറസ് അസോസിയേഷന്‍ കുറ്റപ്പെടുത്തി

ചവറ കൊട്ടുകാട് സ്വദേശിയാണ് മരിച്ച ഷാനവാസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്്റ്റുമോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.