സർവീസിന് നൽകിയ കാർ മോഷ്ടിച്ചു; കള്ളനെ സാഹസികമായി പിടികൂടി

വയനാട് അമ്പലവയലിൽ  ഷോറൂമില്‍ സര്‍വീസിനു നല്‍കിയ കാര്‍ മോഷ്ടിച്ചു കടന്ന കള്ളനെ ഉടമയും സംഘവും സാഹസികമായി  കിലോമീറ്ററുകള്‍ പിന്തുടർന്ന് പിടികൂടി. വാഹനം  മോഷ്ടിച്ച ബെംഗളൂരു സ്വദേശി  നാസീറിനെ പെ‍ാലീസ് അറസ്റ്റ് ചെയ്തു. 

ബത്തേരി അമ്മായിപ്പാലം സ്വദേശി സർവീസിനു കൊടുത്ത പുതുപുത്തൻ  വാഹനമാണ്  മോഷ്ടാവ് കൈക്കലാക്കിയത്.കാറിനുള്ളിൽ  താക്കോൽ കിടന്നതാണ് കള്ളന് കാര്യങ്ങൾ എളുപ്പമാക്കിയത്. ഇതറിഞ്ഞ ഉടമ വിവരം പൊലീസില്‍ അറിയിച്ചശേഷം മറ്റൊരു കാറില്‍ കള്ളനെ തിര‍‍ഞ്ഞിറങ്ങി.ആയിരംകെ‍ാല്ലി എന്ന സ്ഥലത്തെത്തു വെച്ച് പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഒടുവില്‍ വടുവൻചാലിൽ നിർത്തിയിട്ട നിലയിൽ  വാഹനം കണ്ടെത്തി. സമീപത്തു നിന്നും കള്ളനെയും  പിടികൂടി. തല്ലുകിട്ടാതിരിക്കാന്‍ ബോധം  കെട്ടതായി അഭിനയിച്ചു. നിലത്തുകിടന്ന ഇയാളെ പിന്നീട് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് സമാനമായ രീതിയിൽ വാഹനം മോഷ്ടിച്ചതും ബെംഗളൂരു സ്വദേശി  നാസീറാണെന്ന് പൊലീസ് പറഞ്ഞു. ഈ വാഹനം കല്പറ്റയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.