പൊലീസുകാരന്റെ സസ്പെൻഷൻ: നിലപാടിലുറച്ച് കോഴിക്കോട് കമ്മിഷണര്‍

പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ മുന്‍ നിലപാടിലുറച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.വി.ജോര്‍ജ്. ഉമേഷ് വള്ളിക്കുന്നിനെ സസ്പെന്‍ഡ ചെയ്ത ഉത്തരവില്‍ സുഹൃത്തായ യുവതിയെക്കുറിച്ച് പരാമര്‍ശിച്ചത് നിയമപരമായി കാര്യങ്ങള്‍ പരിശോധിച്ചാണെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. ഉത്തരമേഖല ഐ.ജി അശോക് യാദവിന് കമ്മിഷണര്‍ വിശദീകരണം നല്‍കി.

യുവതിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് ഉമേഷിനെതിരെ അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തിയത്. മകളെ തട്ടിക്കൊണ്ടുപോയി ഫ്ളാറ്റില്‍ താമസിപ്പിച്ചിരിക്കുന്നുവെന്നായിരുന്നു പരാതി. അന്വേഷണത്തില്‍ പരാതി യാഥാര്‍ഥ്യമെന്ന് വ്യക്തമായി. യുവതിക്ക് ഫ്ളാറ്റെടുത്ത് നല്‍കിയത് ഉമേഷാണ്. നിയമപപരമായി വിവാഹബന്ധം വേര്‍പെടുത്താതെ ഉമേഷ് യുവതിക്കൊപ്പം കഴിയുകയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇത് പൊലീസ് സേനയ്ക്കാതെ കളങ്കമുണ്ടാക്കുന്ന നടപടിയെന്ന് ബോധ്യപ്പെട്ടാണ് സസ്പെന്‍ഡ് ചെയ്തത്. ഉത്തരവില്‍ കാരണം രേഖപ്പെടുത്തുന്നത് സ്വാഭാവികമാണ്. അത് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തിയതാണ് പിഴവെന്നും കമ്മിഷണര്‍ എ.വി.ജോര്‍ജ് ഐ.ജിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. 

സിവില്‍ പൊലീസ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തതില്‍ ചട്ടലംഘനമുണ്ടായെന്ന പരാതിയും ഡി.ജി.പിയുടെ ഉത്തരവ് പ്രകാരം ഐ.ജി അന്വേഷിക്കും. ഉമേഷിനെതിരായ നടപടിയില്‍ പൊലീസ് അസോസിയേഷന്‍ ഭാരവാഹികളും കമ്മിഷണറെ കണ്ടിരുന്നു. തനിക്ക് പിഴവുണ്ടായിട്ടില്ലെന്നാണ് കമ്മിഷണര്‍ ആവര്‍ത്തിച്ചത്.