പച്ചക്കറിക്കൊപ്പം കടത്തിയ 256 കിലോ കഞ്ചാവ് പിടികൂടി; 5 പേര്‍ പിടിയിൽ

പച്ചക്കറിക്കൊപ്പം കേരളത്തിലേക്ക് കടത്താൻ കൊണ്ടുവന്ന 256 കിലോ  കഞ്ചാവ് കമ്പത്തും, തേനിയിലുമായി നടത്തിയ പരിശോധനയില്‍  തമിഴ്‌നാട് പൊലീസ് പിടികൂടി. രണ്ട്  കേസുകളിലായി 2  മലയാളികള്‍ ഉള്‍പ്പടെ 5 പേര്‍ പിടിയില്‍. നാല് പേര്‍ ഒാടി രക്ഷപെട്ടു. 

തമിഴ്നാട് കമ്പത്ത് നടത്തിയ വാഹന പരിശോധനയില്‍176 കിലോ കഞ്ചാവാണ് പിടിച്ചത്.   ഉലകത്തേവർ തെരുവിൽ വേൽമുരുകൻ, വിവേകാനന്ദ തെരുവിൽ കുബേന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട കമ്പം സ്വദേശികളായ മലൈച്ചാമി, കണ്ണൻ, കാളിരാജ് എന്നിവർക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. രഹസ്യ സങ്കേതത്തിൽ നിന്ന് പിക്കപ്പ് വാനിൽ 6 ചാക്കുകളിലായി നിറച്ച കഞ്ചാവ് കയറ്റിയ ശേഷം, ഇതിന് മുകളിൽ പച്ചക്കറി കയറ്റാൻ പോകുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. 

ഇതിന് പുറമെ  തേനിക്ക് സമീപം 80 കിലോ കഞ്ചവുമായി 2 മലയാളികള്‍ ഉള്‍പ്പടെ 3 പേര്‍ പിടിയിലായി, സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഒാടി രക്ഷപെട്ടു.കുമളി റോസാപ്പൂക്കണ്ടം സ്വദേശ് സ്റ്റാര്‍വിന്‍, കോട്ടയം സ്വദേശി ഫൈസല്‍, തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി നവീന്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.തേനി കമ്പം റോഡില്‍ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്.

കഞ്ചാവ് കേരളത്തിലെത്തിച്ച് വിറ്റഴിക്കാനുള്ള നീക്കമാണ് തമിഴ്നാട് പൊലീസ് തകര്‍ത്തത്. കസ്റ്റഡിയിലായവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് കമ്പം പൊലീസ്  പറഞ്ഞു.