കൊടുങ്ങല്ലൂരിൽ പെട്രോൾ പമ്പിൽ കവർച്ച; രണ്ടരലക്ഷം രൂപയോളം നഷ്ടപ്പെട്ടു

കൊടുങ്ങല്ലൂരിൽ പെട്രോൾ പമ്പിൽ കവർച്ച. രണ്ടരലക്ഷം രൂപയോളം നഷ്ടപ്പെട്ടു. മോഷ്ടാക്കളായ രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 

കൊടുങ്ങല്ലൂര്‍ ചന്തപ്പുര..കോട്ടപ്പുറം ബൈപാസിലെ പെട്രോള്‍ പമ്പിലായിരുന്നു കവര്‍ച്ച. പുലര്‍ച്ചെ രണ്ടരയോടെ മുഖംമറച്ച് എത്തിയ രണ്ടു യുവാക്കളാണ് കവര്‍ച്ച നടത്തി മടങ്ങിയത്. അലമാര കുത്തിതുറന്ന് പണപ്പെട്ടി കവര്‍ന്നു. രണ്ടര ലക്ഷം രൂപയോളം ഉണ്ടായിരുന്നു. ഒരു മണിക്കൂര്‍ നേരം കവര്‍ച്ചാസംഘം പമ്പിനകത്ത് ചെലവിട്ടിരുന്നു. ‌പമ്പിലെ കലക്ഷന്‍ തുക ഓഫിസിലാണ് സൂക്ഷിക്കാറുള്ളത്. ഇതറിയാവുന്ന മോഷ്ടാക്കളാകാം കവര്‍ച്ച ആസൂത്രണം ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് 22 വയസില്‍ താഴെയാണ് രണ്ടു പേരും. ഇവര്‍, സംഭവ ദിവസം പകല്‍ വണ്ടിയുമായി പെട്രോള്‍ പമ്പില്‍ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. 

കവര്‍ച്ച ആസൂത്രണം ചെയ്തവരാണെങ്കില്‍ പമ്പില്‍ തീര്‍ച്ചയായും നേരത്തെ വന്നിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. സിസിടിവി കാമറ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലേയും പരിശോധിക്കുന്നുണ്ട്. വണ്ടിയിലാണ് വന്നതെങ്കില്‍ നമ്പര്‍ കണ്ടെത്താന്‍ കഴിയുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. നമ്പര്‍ വ്യാജമാണെങ്കിലും വണ്ടിയുടെ ദൃശ്യങ്ങള്‍ പിന്‍തുടര്‍ന്നും മോഷ്ടാക്കളിലേയ്ക്ക് എത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. പമ്പിന്റെ സമീപത്തുള്ള കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പമ്പ് പ്രവര്‍ത്തിക്കുന്ന മേഖലയിലെ മൊബൈല്‍ ടവര്‍ വിവരങ്ങള്‍ പരിശോധിച്ച് മോഷ്ടാക്കളുടെ നമ്പര്‍ തിരിച്ചറിയാനും ശ്രമം തുടരുകയാണ്. വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.