ഒന്നര കിലോ കഞ്ചാവുമായി യുവാവ്; ഓടിച്ചിട്ട് പിടികൂടി എക്സ്സൈസ്

കണ്ണൂർ തളിപ്പറമ്പിൽ ഒന്നര കിലോയോളം കഞ്ചാവുമായി യുവാവിനെ എക്സ്സൈസ് അറസ്റ്റ് ചെയ്തു. തലശേരി നിട്ടൂർ മിഷൻ കോംപൗണ്ടിലെ ജയ് വിനാണ് പിടിയിലായത്. പൊലീസിനെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിലും പ്രതിയാണ് ഇയാൾ. 

തളിപ്പറമ്പ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം ദിലീപിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവുമായി ജയ് വിനെ അറസ്റ്റ് ചെയ്തത്. മൊറാഴ കാനൂലിലെ മോത്തി കോളനിയിൽ  നിന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്. കണ്ണൂർ എക്സ്സൈസ്  ഇൻവിജിലൻസ് ബ്യൂറോയിലെ പ്രിവന്റീവ്  ഓഫിസർ വി കെ വിനോദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കോളനിയിൽ നാലുമാസമായി താമസിച്ചുവരികയായിരുന്നു അറസ്റ്റിലായ ജയ് വിൻ.  എക്സ്സൈസ് എത്തിയപ്പോൾ രക്ഷപെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.  കാസർകോട് ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് വില്പന നടത്തുന്നവരിൽ നിന്നും  ജയ് വിൻ കഞ്ചാവ് വാങ്ങുകയും ചെറു പൊതികളാക്കി വില്പന നടത്തുകയുമാണ് പതിവെന്ന് എക്സൈസ് പറഞ്ഞു.  

കഞ്ചാവ് ചെറിയ കവറുകളിലാക്കി മാറ്റുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ വർഷം മൂന്നു കിലോഗ്രാം കഞ്ചാവുമായി വാളയാറിൽ വച്ച് അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും വിൽപന തുടർന്നു. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ  താമസിച്ചും വില്പന നടത്തുന്നുണ്ട്. തലശേരിയിൽ പൊലീസിനെ അക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയുമാണ് ജയ് വിൻ.