ചന്ദനക്കൊള്ളക്കാർ ആദിവാസി പെൺകുട്ടിയെ വെടിവെച്ച് കൊന്ന കേസ്; അന്വേഷണം ഊർജിതം

ഇടുക്കി മറയൂരിൽ ചന്ദന കള്ളക്കടത്തുകാർ  ആദിവാസി യുവതിയെ  വെടിവെച്ചു കൊന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിലെ   മുഖ്യ ആസൂത്രകനായ ബിനുകുമാറിന്റെ വീട്ടിൽ നിന്ന്  തൊട്ടയും വെടിമരുന്നും കണ്ടെത്തി. ചന്ദന കള്ളക്കടത്തു കേസിൽ കൂടുതൽ പ്രതികൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന. 

മറയൂരിൽ ആദിവാസി യുവതിയായ  ചന്ദ്രികയുടെ കൊലപാതക അന്വേഷണം നടത്തിവരവെ കൃത്യം ആസൂത്രണം ചെയ്ത മറയൂർ  ചന്ദന മാഫിയയുടെ തലവനായ  ബിനുകുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ആണ്  തോട്ട കണ്ടെത്തിയത്. 

ചന്ദ്രിക വധക്കേസുമായി ബന്ധപ്പെട്ട് പ്രതികളായ കാളിയപ്പനും മണികണ്ഠനും തോക്ക് നൽകിയത് ബിനുകുമാറാണെന്ന് മൊഴി ലഭിച്ചിരുന്നു. തുടർന്ന് ഒളിവിലായിരുന്ന ബിനുകുമാറിനെ പിടികൂടി തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ തോട്ടകൾ കണ്ടെത്തിയത്. 10 തോട്ടകളിൽ ആറെണ്ണം നിറച്ചതായിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചന്ദനകടത്തു കണ്ണികളിലേക്കു എത്താനാകും എന്നാണ് പ്രതീക്ഷ.