മൂന്നരക്കിലോ സ്വര്‍ണം തട്ടിയെടുത്തെന്ന് കടയുടമ; വിശ്വസിക്കാതെ പൊലീസ്

തൃശൂര്‍ മൂന്നുപീടികയില്‍ ഭിത്തിതുരന്ന മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ നിന്ന് തട്ടിയെടുത്തെന്ന് പറയുന്ന മൂന്നരക്കിലോ സ്വര്‍ണത്തിന്റെ കാര്യത്തില്‍ അവ്യക്തത. ജ്വല്ലറിയില്‍ ഇത്രയധികം സ്വര്‍ണം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന. 

കയ്പമംഗലം മൂന്നുപീടിക ജ്വല്ലറിയുടെ ഭിത്തിതുരന്ന് മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നെന്നായിരുന്നു ഉടമയുടെ പരാതി. ജ്വല്ലറിയുടെ ഒരുവശത്തെ ഭിത്തി തുരന്ന നിലയിലുമായിരുന്നു. ലോക്കര്‍ മുറിയുടെ താഴ് തകര്‍ക്കാതെ എങ്ങനെ തുറന്നുവെന്ന് ഇനിയും  വ്യക്തമല്ല. ഗ്യാസ് കട്ടര്‍ ഉപയോഗിക്കാതെ എങ്ങനെ ഇതു തുറന്നുവെന്ന് മനസിലാകുന്നുമില്ല. താഴില്‍ ബലംപ്രയോഗിച്ചതിന്റെ സൂചനയും ഫൊറന്‍സിക് വിദഗ്ധര്‍ക്കു ലഭിച്ചിട്ടില്ല. മൂന്നരക്കിലോ സ്വര്‍ണം ജ്വല്ലറിയ്ക്കുള്ളില്‍ ഉണ്ടായിരുന്നുവെന്ന ഉടമയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. കാരണം, ജ്വല്ലറിയില്‍ സ്റ്റോക് റജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ല. 

സ്വര്‍ണം വാങ്ങാന്‍ ഈയടുത്ത കാലത്ത് ആരും ജ്വല്ലറിയില്‍ വന്നിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഉടമയുടെ മൊഴികളില്‍ ചില വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇത്രയധികം സ്വര്‍ണം മോഷ്ടിക്കപ്പെടാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം. ജ്വല്ലറിയിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുന്നുമുണ്ട്. ജ്വല്ലറിയ്ക്കുള്ളില്‍ മുളകുപൊടി വിതറിയിരുന്നു. തെളിവുകള്‍ നശിപ്പിക്കാനാകാം ഇങ്ങനെ മുളകുപൊടി വിതറിയതെന്ന് സംശയിക്കുന്നു. പ്രത്യേക സംഘം വിശദമായ അന്വേഷണം തുടരുകയാണ്.