ബാലഭാസ്കറിന്റെ മരണം; സി.ബി.ഐ പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്തു

ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം മാനേജറായിരുന്ന പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്തു. ബാലഭാസ്കറിന്റെ മാതാപിതാക്കള്‍ പ്രധാനമായും ആരോപണം ഉന്നയിക്കുന്നയാളാണ് പ്രകാശന്‍ തമ്പി. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തിനേക്കുറിച്ചും സി.ബി.ഐ അന്വേഷിച്ചു.

ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ അപകടം ആസൂത്രിതമാണോയെന്നതാണ് സി.ബി.ഐ പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണം തുടങ്ങുമ്പോള്‍ ആരോപണ നിഴലിലുള്ള ഏറ്റവും പ്രധാന വ്യക്തിയാണ് ബാലഭാസ്കറിന്റെ മാനേജറായിരുന്ന പ്രകാശന്‍ തമ്പി. അതിനാലാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സി.ബി.ഐ സംഘം മണിക്കൂറോളം ചോദ്യം ചെയ്തത്. ബാലഭാസ്കര്‍ അപകടത്തില്‍പെട്ടപ്പോള്‍ ആദ്യം ആശുപത്രിയിലെത്തിയവരില്‍ ഒരാള്‍ തമ്പിയായിരുന്നു. തുടര്‍ന്നുള്ള ആശുപത്രി കാര്യങ്ങള്‍ക്കും തമ്പി നേതൃത്വം നല്‍കിയിരുന്നു. ഈ സമയത്തെല്ലാം വീട്ടുകാരെ അവഗണിക്കാനും ചികിത്സാ കാര്യങ്ങള്‍ മറച്ചുവയ്ക്കാനും തമ്പി ശ്രമിച്ചെന്നാണ് ബാലുവിന്റെ മാതാപിതാക്കളുടെ പ്രധാന ആരോപണം. 

പ്രകാശന്‍ തമ്പിയുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. അപകടം ആസൂത്രിതമെന്ന് മൊഴി നല്‍കിയ കലാഭവന്‍ സോബിയും തമ്പിയേയാണ് സംശയനിഴലിലാക്കുന്നത്. അപകടയാത്രക്കിടയില്‍ ബാലഭാസ്കറും കുടുംബവും ഏറ്റവും ഒടുവില്‍ കയറിയ കൊല്ലത്തെ ജ്യൂസ് കടയിലെത്തി പ്രകാശന്‍ തമ്പി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചതും സംശയങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടായിരുന്നു. ഈ കാര്യങ്ങളാണ് സി.ബി.ഐ പ്രധാനമായും ചോദിച്ച് അറിഞ്ഞത്. ബാലഭാസ്കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമെന്ന ആരോപണത്തിന് അടിസ്ഥാനവും പ്രകാശന്‍ തമ്പിയാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം നടന്ന സ്വര്‍ണക്കടത്ത് കേസില്‍ തമ്പിയെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തിരുന്നു. ഈ കാര്യങ്ങളിലെ വിവരവും സി.ബി.ഐ പ്രാഥമികമായി ചോദിച്ചു. വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചാണ് വിട്ടയച്ചത്.