'റിയയും കുടുംബവും സുശാന്തിന്റെ 15 കോടി വകമാറ്റി'; പരാതിയിൽ ചോദ്യം ചെയ്യുന്നു

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രവർത്തിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. നടിയുടെ അച്ഛനും സഹോദരനും ചോദ്യം ചെയ്യലിനായി മുംബൈ ഇ.ഡി ഓഫീസിൽ ഹാജരായി. സുശാന്തിന്റെ കുടുംബാംഗങ്ങുടെ മൊഴി സിബിഐ രേഖപ്പെടുത്തും. ബിഹാർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് മുംബൈയിലേയ്ക്ക് മാറ്റണമെന്ന റിയയുടെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും.

സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയുടെയും ചാർട്ടേഡ് അക്കൗണ്ടിന്റേയും മൊഴികളിൽ വൈരുദ്ധ്യമുണ്ടായതിനെ തുടർന്നാണ് റിയ ചകവർത്തിയെ രണ്ടാം തവണയും എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. റിയയും കുടുംബവും മുംബൈയിൽ വാങ്ങിയ വസ്തുക്കളുടെ വിശദാംശങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ ഇ.ഡി ആവശ്യപ്പെട്ട്. സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ റിയയുടെ കൂട്ട് പ്രതികളായ അച്ഛൻ ഇന്ദ്രജിത്ത് ചക്രവർത്തി, സഹോദരൻ ഷൊവിക്ക് ചകവർത്തി എന്നിവരെയും ഇ.ഡി ചോദ്യം ചെയ്യുന്നുണ്ട്. 

നടിയും കുടുംബവും സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് 15 കോടി രൂപ വകമാറ്റിയെന്നും അത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചെലവാക്കിയെന്നുമാണ് നടന്റെ പിതാവിന്റെ പരാതി. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇ.ഡി കേസെടുത്തിട്ടുള്ളത്. ബിഹാർ പൊലീസിൽ നിന്ന് കേസ് ഡയറി വാങ്ങിയ സിബിഐ പ്രത്യേക അന്വേഷണസംഘം ഇന്ന് നടന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. 

സിബിഐ അന്വേഷണമാരംഭിച്ചെങ്കിലും  അധികാരപരിധി സംബന്ധിച്ച്  നിർണായക തീരുമാനം നാളെ സുപ്രീംകോടതിയിൽനിന്നുണ്ടാകും. അത്മഹത്യാപ്രേരണാ കുറ്റം ചുമത്തി പട്ന പൊലീസ് റജിസ്റ്റർ ചെയത് കേസ് മുംബൈയിലയ്ക്ക് മാറ്റണമെന്നതാണ് റിയയുടെ ഹർജിയെങ്കിലും സിബിഐ അന്വേഷണത്തിന്റെ നിയമസാധുത കോടതി തീരുമാനിക്കും. മുംബൈയിൽ നടന്ന കുറ്റകൃത്യത്തിലെ അന്വേഷണം സിബിഐക്ക് കൈമാറാൻ ബിഹാർ സർക്കാരിന് അധികാരമില്ലെന്ന് മഹാരാഷ്ട്ര സർക്കാർ വാദിച്ചിരുന്നു.