കണ്ണൂരില്‍ അഞ്ച് പേരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്നു

കണ്ണൂരില്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയ സംഘത്തെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്നെന്ന് പരാതി. ഇവരെ പൂട്ടിയിട്ട വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

പരിയാരം ഇരിങ്ങലിലെ വാടക വീട്ടില്‍ നിന്ന് മര്‍ദനത്തിനിരയായ അഞ്ച് പേരെ പൊലീസ് രക്ഷിക്കുകയായിരുന്നു. ഇവര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍ ദുരൂഹതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിരോധിത നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കുന്ന സംഘം രാജസ്ഥാനിലെ അജ്മീര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംഘത്തിലുള്ളവരാണ് മര്‍ദനത്തിന് ഇരയായതെന്നാണ് സൂചന. കള്ളനോട്ട് സംഘമാണോ ഇവരെന്നും അന്വേഷിക്കുന്നുണ്ട്. നേരത്തെ തട്ടിപ്പിന് ഇരയായവരാണോ ഇവരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്നും സംശയമുണ്ട്. വീടിനുള്ളില്‍ പൊലീസ് എത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപെട്ടു. മര്‍ദനത്തിനിരയായ സംഘത്തിലെ രണ്ട് പേരും രക്ഷപെട്ടിട്ടുണ്ട്. 

എഴുപതിനായിരത്തോളം രൂപയും രണ്ട് സ്വര്‍ണമാലകളും കവര്‍ന്നെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇരിങ്ങലിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. മര്‍ദനത്തിനിരയായവരുടെ പരാതിയും കഞ്ചാവ് പിടിച്ചെടുത്തതും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അക്രമി സംഘത്തില്‍ ഒമ്പതു പേരുണ്ടായിരുന്നെന്നാണ് നിഗമനം. കേസില്‍ ഒരു കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.