ഷംന കേസ്: ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ വീണ്ടും അറസ്റ്റിൽ

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിന് തൊട്ടുപിന്നാലെ വീണ്ടും അകത്തായി. ചിത്രീകരണത്തിനെന്ന പേരിൽ പെണ്കുട്ടികളെ വാളയാറിൽ എത്തിച്ച് തടഞ്ഞുവച്ച കേസിലാണ് ഉടനടി അറസ്റ്റ് ഉണ്ടായത്. പ്രതികൾക്കെതിരെയുള്ള കുരുക്ക് മുറുക്കുന്നതിനായി ബന്ധുക്കളെ അടക്കം വിളിച്ചുവരുത്തി മൊഴിയെടുക്കുകയാണ് അന്വേഷണ സംഘം.

വിവാഹ ആലോചനയെന്ന വ്യാജേന ബന്ധം പുലർത്തി, ഒടുവിൽ ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ നീക്കം, അതിനും മുൻപേ പരസ്യ ചിത്രീകരണത്തിനെന്ന പേരിൽ പെണ്കുട്ടികളെ പാലക്കാട് വാളയാറിൽ എത്തിച്ച് തടഞ്ഞുവച്ച് സ്വർണവും പണവും തട്ടിയത്, ഇതിലെല്ലാം പങ്കാളിത്തം ഉള്ള മുഖ്യപ്രതി ഹാരിസ് അടക്കം മൂന്നു പേരാണ് തീർത്തും അപ്രതീക്ഷിതമായി ജാമ്യം നേടി പുറത്തിറങ്ങിയത്. വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികളെ തേടിയിറങ്ങിയ പൊലീസ് സംഘം കൊടുങ്ങല്ലൂരിലും പരിസരങ്ങളിലുമുള്ള ഇവരുടെ വീടുകളിൽ നിന്ന് അർധരാത്രിയോടെയാണ് കസ്റ്റഡിയിൽ എടുത്തത്. 

പുലർച്ചെ നാലോടെ കൊച്ചിയിൽ എത്തിച്ച പ്രതികളെ മറ്റു കേസുകളിൽ കൂടി പ്രതിചേര്ത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഷംനയുടെ കേസിൽ നേരത്തെ തന്നെ അറസ്റ്റിൽ ആയി ഇപ്പോൾ കസ്റ്റഡിയിൽ ഉള്ള മറ്റു പ്രതികളെയും അനുബന്ധ കേസുകളിലെല്ലാം ഉടൻ അറസ്റ്റ് ചെയ്യും. ഇതിനിടെയാണ് പ്രതികൾക്കെതിരെ കൂടുതൽ തെളിവ് ശേഖരിക്കുകയെന്ന ഉദ്ദേശ്യത്തിൽ ബന്ധുക്കളെ അടക്കം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുന്നത്. ഷംനയെ ഭീഷണിപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റഫീഖിൻ്റെ മൂന്നു സഹോദരിമാരും അമ്മയും അടക്കമുള്ളവരെ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തി. 

ഇവരിലൊരാൾ ഷംനയെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് നിഗമനം. എന്നാൽ ഇതിൽ വ്യക്തത ഉണ്ടായിട്ടില്ല. അതിനിടെ മറ്റൊരു പ്രധാനപ്രതി മുഹമദ് ഷെരീഫിൻ്റെ ഭാര്യ പൊലീസ് പീഡനം ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു. പ്രതിയുടെ സഹോദരി എന്ന് പറഞ്ഞ്  ഷംനാ കാസിമിനെ ഫോണിൽ വിളിച്ച് സംസാരിച്ചത് കൂടാതെ വിശ്വാസ്യതയുണ്ടാക്കാൻ കുട്ടിയെ കൊണ്ടു വരെ നടിയോട് സംസാരിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പൊലീസിനെതിരെയുള്ള ഇവരുടെ ആരോപണം സിറ്റി പൊലീസ് കമ്മിഷണർ നിഷേധിച്ചു.