അമ്മയുടെ കവിളിൽ കടിച്ച് ഷംന; കൂടെ അടിക്കുറിപ്പും; കുറിക്കു കൊള്ളുന്ന മറുപടി

തെലുങ്ക് ഡാന്‍സ് റിയാലിറ്റി ഷോയുടെ വേദിയിൽവച്ച് മത്സരാര്‍ത്ഥികളെ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത നടി ഷംന കാസിമിന്റെ പ്രവർത്തി വിവാദമായിരുന്നു. സോഷ്യൽമീഡിയയിൽ വലിയ തോതിൽ വിമർശനം നേരിട്ട സംഭവമായിരുന്നു താരത്തിന്റേത്.  ‘ധീ’ എന്ന റിയാലിറ്റി ഷോയില്‍ താരം ജഡ്ജായി എത്തിയപ്പോള്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയാണ് വിഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്.

എന്തായാലും ആരോപണങ്ങൾക്കു മറുപടിയുമായി നടി തന്നെ രംഗത്തെത്തി. സ്വന്തം അമ്മയുടെ കവിളിൽ കടിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ഷംന മറുപടി നൽകിയത്. നമ്മെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണെന്ന അടിക്കുറിപ്പു സഹിതമാണ് ചിത്രം.

വിവാദത്തിൽ തന്റെ കൂട്ടുകാരി കുറിച്ച വാക്കുകളും സമൂഹമാധ്യമങ്ങളിലൂടെ നടി പങ്കുവച്ചു. ‘നിന്നെ ജഡ്ജ് ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല, കാരണം നീ യഥാര്‍ഥത്തിൽ എങ്ങനെയാണെന്ന് അവർക്ക് അറിയില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് പലരും കണ്ടിട്ടുള്ളത്. മറ്റുള്ളവരോട് നിന്റെ സ്‌നേഹം പ്രകടിപ്പിക്കുന്ന രീതിയാണതെന്ന് അവർക്ക് അറിയില്ല. നീ ഇങ്ങനെയാണ്, മറ്റുള്ളവര്‍ക്ക് വേണ്ടി അത് മാറ്റേണ്ട ആവശ്യമില്ല. മറുപടി അര്‍ഹിക്കാത്തവരോട് പ്രതികരിക്കുന്നതില്‍ കാര്യമില്ല.’–ഷംനയുടെ സുഹൃത്തായ ടെസി പറഞ്ഞു.