തെരുവ് കച്ചവടക്കാരന്റെ മാമ്പഴം ആൾക്കൂട്ടം കൊള്ളയടിച്ചു; നടപടിയെടുക്കാതെ പൊലീസ്

രാജ്യതലസ്ഥാനത്ത് തെരുവ് കച്ചവടക്കാരന്റെ മാമ്പഴം മോഷ്ടിച്ച് ആൾക്കൂട്ടം. മുപ്പതിനായിരം രൂപയുടെ മാമ്പഴം മോഷ്ടിക്കപ്പെട്ടുവെന്നു കച്ചവടക്കാരൻ പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഡൽഹിയിലെ ജഗത്പുരിയിലാണ് നാണം കെട്ട മോഷണം അരങ്ങേറിയത് 

ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം ജീവിത മാർഗമായാണ് ചോട്ടെ കച്ചവടം ആരംഭിച്ചത്. പ്രദേശത്ത് ഒരു വഴക്ക് ഉണ്ടായതിനു പിന്നാലെ കച്ചവടം നടത്തുന്ന വണ്ടി മാറ്റിയിടാൻ പോയ സമയത്താണ് മോഷണം നടന്നതെന്ന് ചോട്ടെ പറഞ്ഞു. തെരുവ് കച്ചവടക്കാരൻ സ്ഥലത്തില്ലെന്നറിഞ്ഞ ആൾക്കൂട്ടം ഒരു മടിയുമില്ലാതെ മാമ്പഴം എടുത്ത് കൊണ്ട് പോവുകയായിരുന്നു. 

കവറുകളിലും ഹെൽമെറ്റിലും വരെ ആളുകൾ മാമ്പഴം കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വയറലായി. വണ്ടി ഇട്ട് തിരിച്ചു വന്നപ്പോഴേക്കും 15 പെട്ടി മാമ്പഴം മോഷണം പോയെന്ന് ചോട്ടെ പറഞ്ഞു. പൊലീസിൽ പരാതി നൽകിയെങ്കിലും ഇത് വരെ നടപടി ഉണ്ടായിട്ടില്ല.