ആലപ്പുഴയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മല്‍സ്യം; പിടികൂടിയത് മല്‍സ്യമാര്‍ക്കറ്റിൽ നിന്നും

ആലപ്പുഴയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത രണ്ട് ടണ്‍ പഴകിയ മല്‍സ്യം പിടികൂടി. ചേര്‍ത്തല, ആലപ്പുഴ നഗരസഭാ പരിധികളില്‍ നടത്തിയ പരിശോധനയിലാണ് തുടര്‍ച്ചയായ രണ്ടാംദിവസവും മല്‍സ്യം പിടിച്ചെടുത്തത്. നഗരത്തിലെ പ്രധാന മല്‍സ്യവിപണന കേന്ദ്രങ്ങളിലാണ് ഇവ സൂക്ഷിച്ചിരുന്നത്.

ആലപ്പുഴ നഗരത്തിലെ പ്രധാന മല്‍സ്യമാര്‍ക്കറ്റുകളായ പുലയന്‍വഴി, വഴിച്ചേരി, സക്കറിയ ബസാര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 1,800 കിലോഗ്രാം മല്‍സ്യം പിടികൂടിയത്. ഏറനാളത്തെ പഴക്കം ഇവയ്ക്കുണ്ട്. കോടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഫ്രീസറുകളിലും മറ്റും സൂക്ഷിച്ച നിലയിലായിരുന്നു ഇവ. കേര, ചൂര ഇനങ്ങളില്‍പ്പെട്ട മല്‍സ്യമാണ് പിടികൂടിയതില്‍ ഏറെയും. ചീഞ്ഞതും ദുര്‍ഗന്ധം വന്നതുമായ മല്‍സ്യങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. 

ചേര്‍ത്തല മുട്ടം മാര്‍ക്കറ്റ്, കാളികുളം എന്നിവിടങ്ങളില്‍നിന്നാണ് 120 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം പിടിച്ചെടുത്ത്. പഴകിയ മല്‍സ്യം വിറ്റവര്‍ക്കെതിര നിയമനടപടിയെടുക്കാന്‍ മുനിസിപ്പല്‍ സെക്രട്ടരിക്ക് ആരോഗ്യവകുപ്പ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്നലെ വഴിയോരകച്ചവടക്കാരായ എട്ടുപേരല്‍നിന്ന് 350 കിലോഗ്രാം പഴകിയ മല്‍സ്യം ആലപ്പുഴയില്‍ പിടികൂടിയിരുന്നു.