മദ്യം നിർത്തി; വാറ്റു തുടങ്ങി; ഉപകരണങ്ങൾ സഹിതം പൊക്കി

ബവ്റിജസ് വില്‍പനശാലകള്‍ പൂട്ടിയതിന് പിന്നാലെ വ്യാജമദ്യമൊഴുകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസിന്റെ വ്യാപക പരിശോധന. ആറ് ലിറ്റര്‍ വാറ്റുചാരായവും ഇരുന്നൂറ് ലിറ്റര്‍ വാഷുമായി കോഴിക്കോട് നൂലന്‍പാറ സ്വദേശി സത്യനെ കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുത്തപ്പന്‍പുഴയോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്ന വാഷും വാറ്റുപകരണങ്ങളും തിരുവമ്പാടി പൊലീസും കണ്ടെടുത്തു. 

ഒരാഴ്ച മുന്‍പാണ് വാറ്റിനുള്ള ഒരുക്കം തുടങ്ങിയത്. വീടിനോട് ചേര്‍ന്നുള്ള ഓലപ്പുരയില്‍ ഗ്യാസ് അടുപ്പും പാത്രങ്ങളും തയാറാക്കി. അടുത്തുള്ള കനാലില്‍ നിന്ന് വേണ്ടത്ര വെള്ളം ശേഖരിച്ചാണ് കൂട്ട് തയാറാക്കുന്നത്. മദ്യശാലകള്‍ പൂട്ടാനുള്ള സാധ്യത കണക്കിലെടുത്ത് പതിവ് ഇടപാടുകാര്‍ക്കുള്ള ചാരായം തയാറാക്കുകയായിരുന്നു ലക്ഷ്യം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ക്കായി വിശ്വസ്തര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ചാരായം വാറ്റി നല്‍കാറുണ്ടെന്ന് സത്യന്‍ പൊലീസിനോട് സമ്മതിച്ചു. കോവിഡ് 19 പ്രതിരോധത്തിനായി ബവ്റിജസ് ഔട്ട്്്ലെറ്റുകള്‍ പൂട്ടിയതോടെ മികച്ച വില്‍പനയും പ്രതീക്ഷിച്ചു. തയാറാക്കുന്നതിന്റെ അളവ് കൂട്ടിയതും ഈ സാധ്യത മുന്നില്‍ക്കണ്ടാണ്. ഹോട്ടല്‍ നടത്തിപ്പിന്റെയും കാറ്ററിങ് സര്‍വീസിന്റെയും മറവിലാണ് ചാരായ വാറ്റും വില്‍പനയും. 

ആറ് ലിറ്റര്‍ ചാരായവും ഇരുന്നൂറ് ലിറ്റര്‍ വാഷുമാണ് കണ്ടെടുത്തത്. ഇതോടൊപ്പം തിരുവമ്പാടി മുത്തപ്പന്‍പുഴയില്‍ നിന്ന് വാഷും വാറ്റുപകരണങ്ങളും പൊലീസ് കണ്ടെടുത്തു. വ്യാജമദ്യമൊഴുകാനുള്ള സാധ്യത കണക്കിലെടുത്ത് പഴുതടച്ച പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതായി വടകര റൂറല്‍ എസ്.പി അറിയിച്ചു.