കുട്ടിയില്ലായിരുന്നെങ്കില്‍ വിവാഹമെന്നു നിധിൻ പറഞ്ഞു; നിർണായക തെളിവായി ചാറ്റിങ്

കണ്ണൂര്‍ തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍. വലിയന്നൂര്‍ സ്വദേശി നിധിനെയാണ് പ്രേരണകുറ്റം ചുമത്തി സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കുട്ടിയില്ലായിരുന്നെങ്കില്‍ ശരണ്യയെ വിവാഹം കഴിക്കാമെന്ന് നിധിന്‍ പറഞ്ഞതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. 

കേസില്‍ രണ്ടാം പ്രതിയാണ് നിധിന്‍. പ്രേരണയ്ക്കൊപ്പം ഗുഡാലോചനക്കുറ്റവും പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. ശരണ്യയെ ഇയാള്‍ ശാരീരികമായും, സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. മൂന്നുദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്  രേഖപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലുള്ള ശരണ്യ കാമുകനെതിരെ മൊഴി നല്‍കി. സാഹചര്യതെളിവുകള്‍ക്കൊപ്പം ഇരുവരും തമ്മില്‍ നടത്തിയ വാട്സാപ്പ്, ഫെയ്സ്ബുക്ക് ചാറ്റുകളില്‍ നിന്നും നിര്‍ണായക തെളിവുകള്‍ അന്വേഷണത്തിന് ലഭിച്ചു. 

കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ കാമുകന്റെ പങ്കാളിത്തവുമുണ്ടാകുമെന്ന് ഭര്‍ത്താവ് പ്രണവും മൊഴിനല്‍കിയിരുന്നു. ശരണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ നിധിന്‍ കൈവശപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഒരു വയസുകാരന്‍ വിയാനെ കടല്‍ ഭിത്തിയിലെ പാറക്കൂട്ടത്തില്‍ എറിഞ്ഞാണ് അമ്മ കൊലപ്പെടുത്തിയത്. നിധിനെ നാളെ കോടതിയില്‍ ഹാജരാക്കും.