കരിപ്പൂര്‍ കവർച്ച; ഒരാള്‍ പിടിയിൽ; കുടുക്കിയത് സിസിടിവി

കരിപ്പൂരില്‍ വിമാനമിറങ്ങിയ കര്‍ണാടകക്കാരനെ കൊള്ളയടിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം പരപ്പനങ്ങാടി ചെറമംഗലം മുസലിയാര്‍വീട്ടില്‍ റഷീദാണ് അറസ്റ്റിലായത്. കവര്‍ച്ചാസംഘത്തിലെ പ്രധാനികള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ വിമാനമിറങ്ങി ഒാട്ടോറിക്ഷയില്‍ കോഴിക്കോട് റയില്‍വേ സ്റ്റേഷനിലേക്ക് യാത്ര ചെയ്ത കര്‍ണാടകക്കാരന്‍ അബ്ദുല്‍ നാസര്‍ ഷംസാദാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിലും കാറിലുമായി പിന്തുടര്‍ന്നെത്തിയ ഒന്‍പതു പേര്‍ ചേര്‍ന്ന് കൊട്ടപ്പുറത്തിന് സമീപം വെച്ച് ഒാട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി.  മുളകുപൊടി സ്പ്രേ ചെയ്ത ശേഷം യുവാവിനെ ബലപ്രയോഗത്തിലൂടെ പിടിച്ചുകൊണ്ടു പോവുകയായിരുന്നു. കൈവശമുണ്ടായിരുന്ന വിദേശ കറന്‍സിയും എ.ടി.എം ഉപയോഗിച്ച് 30,000 രൂപയും കൈക്കലാക്കി. ആക്രമണത്തില്‍ നേരിട്ടു പങ്കുളളയാളാണ് അറസ്റ്റിലായ റഷീദ്.

യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷമാണ് കടലുണ്ടി പാലത്തിനു സമീപം ഉപേക്ഷിച്ചത്. വിവിധ പാതയോരങ്ങളിലെ നാല്‍പതോളം സി.സി.ടി.വി ക്യാമറകള്‍ നീരീക്ഷിപ്പോഴാണ് കൊളളസംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. വിമാനമിറങ്ങുന്ന കാരിയര്‍മാരില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. റഷീദിനെ ചോദ്യം ചെയ്തപ്പോള്‍ കൂട്ടുപ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.