84 പവനും 2 ലക്ഷവും കവർന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം; ദൃശ്യങ്ങൾ ലഭിച്ചു

കോഴിക്കോട് അരീക്കാട് ജ്വല്ലറി ഉടമയുടെ 84 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നല്ലളം സി.ഐ യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു.കഴിഞ്ഞ ദിവസം രാത്രിയാണ് ജ്വല്ലറി പൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലുണ്ടായിരുന്ന സ്വര്‍ണവും പണവും മോഷണം പോയത്.

ജ്വല്ലറിയിലെ ലോക്കര്‍ കേടായതിനാല്‍ കഴിഞ്ഞ ആറുമാസമായി സ്വര്‍ണം ഇവിടെ സൂക്ഷിക്കാറില്ല.ദിവസവും രാത്രി വീട്ടിലേക്ക് കൊണ്ടുപോകുകയാണ് പതിവ്.  കേസിനാസ്പദമായ മോഷണം നടക്കുന്ന ദിവസവും കടപൂട്ടി സ്വര്‍ണവും പണവും ഒരു കവറിലാക്കി ബൈക്കില്‍ വച്ചതായിരുന്നു. അരീക്കാട് ടൗണില്‍ പച്ചക്കറിവാങ്ങാന്‍ ഇറങ്ങി തിരികെ വന്നപ്പോള്‍ സ്വര്‍ണമടങ്ങിയ കവര്‍ കാണാനില്ല. തൊട്ടടുത്ത സി.സി.ടി.വിയില്‍ മോഷണ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. സോമസുന്ദരന്‍ സ്വര്‍ണം വീട്ടില്‍ കൊണ്ടുപോകുന്നത് കൃത്യമായി മനസിലാക്കിയ ആളാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലിസ് നിഗമനം. മൊബൈല്‍ ടവറുകള്‍ , ഫോണ്‍ കോളുകള്‍ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അരീക്കാട് , നല്ലളം ഭാഗങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികളും നിരീക്ഷണത്തിലാണ് നല്ലളം സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.ഒരു വര്‍ഷം മുമ്പും ഈ കടയില്‍ മോഷണ ശ്രമം ഉണ്ടായിരുന്നു