ജില്ലാ സഹകരണ ബാങ്ക് തട്ടിപ്പ്; ഏലത്തൂർ സ്വദേശി അറസ്റ്റിൽ

വ്യാജരേഖകള്‍ സമര്‍പ്പിച്ച് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ എലത്തൂര്‍ ശാഖയില്‍ നിന്ന് ഒരു കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. എലത്തൂര്‍ സ്വദേശി സക്കറിയയെയാണ് തിരൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്. കേസില്‍ പ്രതികളായ സക്കറിയയുടെ രണ്ട് സഹോദരങ്ങളും ബന്ധുവുമുള്‍പ്പെടെ മൂന്നാളുകള്‍ ഒളിവിലാണ്. 

2014 ലാണ് തട്ടിപ്പുണ്ടായത്. ബാലുശ്ശേരി വയലട കോട്ടുകുന്ന് മലയില്‍ നാലുപേരും ചേര്‍ന്ന് നാല് ലക്ഷം രൂപയ്ക്ക് വാങ്ങിയ രണ്ടേകാല്‍ ഏക്കര്‍ ഭൂമിയുടെ പേരിലായിരുന്നു തട്ടിപ്പ്. ആദ്യം വിലകൂട്ടിയുള്ള വ്യാജ പ്രമാണം തയാറാക്കി. വില്ലേജ് ഓഫിസില്‍ നിന്നും ലഭിക്കേണ്ട കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, നികുതി ചീട്ട്, സ്ഥലത്തിന്റെ സ്കെച്ച് എന്നിവ വ്യാജമായുണ്ടാക്കി. ഭൂമിയുടെ വിലകൂട്ടി കാണിക്കാന്‍ സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ വന്‍തുക അടച്ച് ബാങ്കുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. സ്ഥലം പരിശോധിക്കാനെത്തിയ  ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു ഭൂമിയാണ് കാണിച്ചത്. വായ്പാത്തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങിയപ്പോഴാണ് യഥാര്‍ഥ ഭൂമി കാണാനിടയായത്. പിന്നാലെ തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിയുകയായിരുന്നു. 

പലിശ ഉള്‍പ്പെടെ ഒന്നരക്കോടിയിലധികം ഇവര്‍ തിരിച്ചടയ്ക്കേണ്ടതുണ്ട്. മറ്റ് മൂന്നുപേരും വിദേശത്ത് കടന്നിട്ടുണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കാനുള്ള ശ്രമത്തിലാണ്. പലയിടങ്ങളിലായി ഒളിച്ചുകഴിഞ്ഞിരുന്ന സക്കറിയയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് എലത്തൂര്‍ പൊലീസ് പിടികൂടിയത്.