‘വിവിഐപി ജീവിതം’ :ആൽബിനെ തേടി കോയമ്പത്തൂരില്‍; പൊലീസിനെ ‘കുടുക്കി’ പൊലീസ്

ഹരിപ്പാട് (ആലപ്പുഴ): കരുവാറ്റ സഹകരണ ബാങ്ക് കവർച്ച കേസിലെ മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്ക‌ട കട്ടക്കോട് പറക്കാണി മേക്കുംകരയിൽ ആൽബിൻ രാജിനെ കോയമ്പത്തൂരിൽ നിരീക്ഷിക്കാൻ നിയോഗിച്ച കേരള പൊലീസിലെ രണ്ടുപേരെ കള്ളന്മാരെന്നു സംശയിച്ച് കോയമ്പത്തൂർ പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ ഒരു മന്ത്രി ഉൾപ്പെടെയുള്ളവർ താമസിക്കുന്ന വിവിഐപി മേഖലയിൽ 2 ‘തിരുടന്മാരെ’ പിടികൂടിയെന്നറിഞ്ഞ് നാട്ടുകാരും സംഘടിച്ചു. കേരള പൊലീസ് ആണെന്നു പുറത്തറിഞ്ഞാൽ ആൽബിൻ രാജ് രക്ഷപ്പെടാനുള്ള സാധ്യതയുള്ളതിനാൽ, തമിഴ്നാട് പൊലീസ് സംഘത്തെ മാറ്റി നിർത്തി തിരിച്ചറിയൽ കാർഡ് കാണിച്ചു കാര്യം ബോധിപ്പിച്ച ശേഷമാണ് സംഘത്തിന് അന്വേഷണം തുടരാൻ കഴിഞ്ഞത്.

കോയമ്പത്തൂർ പുനിയമുത്തൂർ പ്രദേശത്ത്, കേരളത്തിലെ വൻ റബർ വ്യവസായിയെന്ന വ്യാജേനയാണ് ആൽബിൻ രാജ് ജീവിച്ചിരുന്നത്. സംശയിക്കാതിരിക്കാൻ വിവിഐപി മേഖലയിൽ 12 ലക്ഷം രൂപയ്ക്കു വാടകയ്ക്കെടുത്ത വീട്ടിലാണ് ആദ്യം താമസിച്ചിരുന്നത്. പിന്നീട് 14,000 രൂപ മാസ വാടകയുള്ള വീട്ടിലേക്കു മാറി. ഹരിപ്പാട് സിഐയുടെ നേതൃത്വത്തിൽ ആദ്യം കോയമ്പത്തൂരിൽ എത്തിയ കേരള പൊലീസ് സംഘത്തിന് കാര്യമായ വിവരങ്ങൾ കണ്ടെത്താനായില്ല. 

തുടർന്ന്, ഷാഡോ പൊലീസ് എസ്ഐ ടി.ഡി.നെവിൻ, സിവിൽ പൊലീസ് ഓഫിസർമാരായ ജി.ഉണ്ണിക്കൃഷ്ണപിള്ള, അരുൺ ഭാസ്കർ എന്നിവരെ കോയമ്പത്തൂരിൽ നിർത്തി അന്വേഷണം തുടർന്നു. അങ്ങനെയാണ്, വിവിഐപി മേഖലയിലേക്ക് അന്വേഷണം എത്തിയത്. ആൽബിൻ രാജ് ലക്ഷ്യമിട്ടതുപോലെതന്നെ ഈ പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ പൊലീസുകാർ എത്തിയപ്പോൾ തമിഴ്നാട് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.

ഇരുട്ടിൽ തെളിഞ്ഞ് പച്ചയുടുപ്പ്

സന്ധ്യയായിട്ടും, ഓടിമറഞ്ഞ ആൽബിനെ പിടികൂടാൻ സഹായിച്ചത് പച്ച ഷർട്ടും കാക്കി പാന്റ്സുമായിരുന്നു എന്നു നിഷാദ്. ഇരുട്ടിൽ പച്ച ഷർട്ട് വ്യക്തമായി കാണാൻ കഴിഞ്ഞതാണ് പിന്തുടരാൻ സഹായിച്ചത്. നിഷാദിനെ ഡിഐജി കാളിരാജ് മഹേഷ്കുമാർ അഭിനന്ദിച്ചു.