ഫെയ്സ്ബുക്കിൽ ഡോക്ടർ പവിത്ര; പരിചയം, പ്രണയം; യുവാവ് വഞ്ചിക്കപ്പെട്ടതിങ്ങനെ

ബ്രിട്ടനിൽ ഗവേഷണം നടത്തുന്ന ഡോക്ടർ ആണെന്ന് വിശ്വസിപ്പിച്ച് ഐടി ഉദ്യോഗസ്ഥനെ വഞ്ചിച്ചു കൂടെക്കഴിഞ്ഞ് പണം തട്ടിയ കേസിൽ കൊച്ചി സ്വദേശി പൊലീസ് പിടിയിൽ. വെണ്ണല തുണ്ടിപ്പറമ്പിൽ സന്ധ്യയെയാണ് നാദാപുരം പൊലീസ് ഇൻസ്പെക്ടർ കെ.പി.സുനിൽകുമാർ അറസ്റ്റ് ചെയ്തത്. പുറമേരി സ്വദേശിയും ബെംഗളുരുവിൽ സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥനുമായ യുവാവിനെയാണ് കബളിപ്പിച്ചത്.പൊലീസ് പറയുന്നത്: 6 വർഷം മുൻപ് യുവാവ് ഫെയ്സ്ബുക്കിലൂടെയാണ് ഡോ. പവിത്ര എന്ന പ്രൊഫെലിലുള്ള യുവതിയെ പരിചയപ്പെട്ടത്. 

പിന്നീട് ഇവർ പ്രണയത്തിലാവുകയും ഒരുമിച്ചു താമസിച്ചു വരികയുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് കഴിഞ്ഞു കോഴിക്കോട് മെഡിക്കൽ കോളജിൽ എംഡി പൂർത്തിയാക്കിയതാണെന്നും ഇപ്പോൾ ബ്രിട്ടനിൽ ഗവേഷണ വിദ്യാർഥിയാണെന്നുമാണ് യുവതി വിശ്വസിപ്പിച്ചത്. രക്തജന്യ രോഗം ബാധിച്ചതായും ചികിത്സയ്ക്കു പണം വേണമെന്നും പറഞ്ഞ് പലപ്പോഴായി പണം കൈപ്പറ്റി. 

യുവാവ് പല തവണ വിവാഹ അഭ്യർഥന നടത്തിയെങ്കിലും ഗവേഷണത്തിനു ശേഷം വിവാഹം എന്ന നിലപാടാണ് യുവതി സ്വീകരിച്ചത്. പിന്നീട്, തന്റെ പിതാവിന് ഐടി ഉദ്യോഗസ്ഥനുമായി വിവാഹം ഇഷ്ടമില്ലെന്നും ഡോക്ടറെയാണ് ഇഷ്ടം എന്നും പറഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്തു. സംശയം തോന്നിയതിനെത്തുടർന്ന് യുവാവ് പരാതി നൽകിയത്.യുവതിയെ വിളിച്ച് വരുത്തി എസ്ഐ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പു പുറത്തായത്. മുന്നാറിൽ സ്കൂളിൽ സംഗീത അധ്യാപികയായി ജോലി ചെയ്ത യുവതി വിവാഹമോചിതയാണ്. മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്‌സ് പൂർത്തിയാക്കിയിരുന്നു. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.