മുത്തലാഖ് ചൊല്ലി വിവാഹമോചനം; യുവതിയുടെ പരാതിയിൽ യുവാവിനെതിരെ കേസ്

ഗൾഫിൽ നിന്നും കത്തു മുഖേന മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയ യുവാവിനെതിരെ പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തു. നടുവിലങ്ങാടി സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ പൊയിലിശ്ശേരി തഫ്സീനയുടെ പരാതി പ്രകാരമാണ് കേസ്.

മുത്തലാഖ് നിരോധന നിയമം വന്നതിന് ശേഷമുള്ള സംസ്ഥാനത്തെ രണ്ടാമത് കേസാണിത്. മലപ്പുറം താനൂർ പുത്തൻ തെരു പുത്തൻ പറമ്പിൽ അബ്ദുൾ സലീമിനെതിരെയാണ് കോടതി കേസെടുത്തത്. 2007 ഏപ്രിൽ 16നാണ് അബ്ദുൾ സലീം തിരൂർ നടുവിലങ്ങാടി പൊയ്ലിശ്ശേരി മൊയ്തീന്റെ മകൾ തഫ്സീനയെ വിവാഹം കഴിച്ചത്. വിവാഹ സമയത്ത് പാരിതോഷികമായി തഫ്സീസീനക്ക് ലഭിച്ച അമ്പത്തി ഒന്നര പവൻ സ്വർണ്ണാഭരണത്തിൽ 41 പവൻ സ്വർണ്ണവും ഒന്നര ലക്ഷം രൂപയും തിരിച്ചു തരാമെന്ന് പറഞ്ഞ് സലീമും ഭർതൃമാതാവും ഭർതൃസഹോദരങ്ങളും കൈക്കലാക്കുകയും കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. തന്നെയും മക്കളെയും രണ്ട് ദിവസം മുറിക്കുള്ളിൽ പൂട്ടിയിട്ട്  ഭക്ഷണം നൽകാതെ  ഭർതൃമാതാവ് പീഡിപ്പിച്ചതായും തഫ്സീന പറഞ്ഞു. ഇതിനിടെ  പൊലീസിൽ പരാതി നൽകുകയും കോടതി 18 ലക്ഷം രൂപ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവാവുകയും ചെയ്തു. എന്നാൽ തന്നെ തന്ത്രപൂർവ്വം അനുനയിപ്പിച്ച് ഭർത്താവ് വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു, പിന്നെയും പീഡനം തുടർന്നു.

മക്കളുടെ ഭാവിയോർത്ത് തഫ്സീന ഭർതൃവീട്ടിൽ തന്നെ തുടർന്നു.പിന്നീട് പീഡനം സഹിക്കവയ്യാതായതോടെയാണ് യുവതിയും മക്കളും സ്വന്തം വീട്ടിലേക്ക് മാറിയത്. ഏഴ് മാസത്തോളമായി ഇവർ സ്വവസതിയിലാണ് താമസം.  ഇതിനിടെയാണ് അബ്ദുൾ സലീം ഗൾഫിൽ നിന്നും തപാൽ മാർഗം മുത്തലാഖ് ചൊല്ലിയത്. യുവതിക്കും മഹൽ ഭാരവാഹികൾക്കും കത്തയച്ചു.

 ഇതേ തുടർന്ന് തഫ്സീന കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഹർജിയിൽ വാദം കേട്ട മജിസ്ട്രേറ്റ് ഭർത്താവിനെതിരെ മുത്തലാഖ് ആക്ട് 2019 പ്രകാരം കേസെടുക്കാൻ താനൂർ പോലീസിന് നിർദ്ദേശം നൽകി.പ്രതി സലീം വിദേശത്തായതിനാൽ ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മുത്തലാഖ് നിയമപ്രകാരം 3 വർഷം തടവും പിഴയും ഭാര്യക്കും കുട്ടികൾക്കും ചെലവിനുള്ള തുകയും നൽകണം. സംസ്ഥാനത്ത് മുത്തലാഖ് നിയമപ്രകാരം ഇത് രണ്ടാമത്തെ കേസാണ് തിരൂരിലേത്. നേരത്തെ കോഴികോട് നാദാപുരത്തെ യുവതിയുടെ പരാതിയിൽ ഇത്തരത്തിൽ കേസെടുത്തിരുന്നു.