പെൺകുഞ്ഞിന് ജന്മം നൽകി; മുത്തലാഖ് ചൊല്ലി ഭർത്താവ്; ഭാര്യയുടെ പരാതിയിൽ കേസ്

പ്രസവിച്ച കുട്ടി പെണ്ണായിപോയി എന്നാരോപിച്ച് ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. സെക്കന്ദരാബാദില്‍ ഈ മാസം ആദ്യമാണ് സംഭവം. ഭര്‍ത്താവിനെതിരെ യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. മുസ്ലീം വനിതകളുടെ വിവാഹ അവകാശ സംരക്ഷണ നിയമം ജൂലായില്‍ പാര്‍ലമെന്റ് പാസാക്കിയ ശേഷം സെക്കന്ദരാബാദില്‍ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ മുത്തലാഖ് കേസാണിത്. ആൺകുട്ടിക്ക് ജന്മം നല്‍കിയില്ല എന്ന കാരണത്താലാണ് മുത്തലാഖ് ചൊല്ലിയത്. 

തിങ്കളാഴ്ചയാണ് 28കാരിയായ മെഹ്‌രാജ് ബീഗം ഭര്‍ത്താവ് മുഹമ്മദ് ദസ്തഗീറിനെതിരെ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. കാര്‍ ഡ്രൈവറായ ഇയാള്‍ സെക്കന്ദരാബാദ് ഓള്‍ഡ് സിറ്റിയിലാണ് താമസിക്കുന്നത്. 2011–ലാണ് ദമ്പതികള്‍ വിവാഹിതരായത്. 2013–ല്‍ യുവതിയുടെ ആദ്യഗര്‍ഭം ചാപിള്ളയായിരുന്നു. 2016–ല്‍ ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് തുടര്‍ച്ചയായി ഗര്‍ഭം അലസിപ്പോയിരുന്നു. ഇതോടെ ബീഗം ഇനി ഗര്‍ഭം ധരിക്കുന്നത് സുരക്ഷിതമല്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു ശേഷമാണ് ഭര്‍ത്താവും വീട്ടുകാരും പീഡനം ആരംഭിച്ചതെന്ന് ബീഗത്തിന്റെ പിതാവ് മുഹമ്മദ് ഉസ്മാന്‍ പറഞ്ഞു. 

വിവാഹ സമയത്ത് മൂന്നു ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ബീഗത്തിന് പിതാവ് നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാന്‍ തുടങ്ങി. ഇനിയൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ ബീഗത്തിന് കഴിയില്ലെന്നും തനിക്ക് ഒരു ആണ്‍കുഞ്ഞ് വേണമെന്നും അതിനാല്‍ പുനര്‍വിവാഹം കഴിക്കണമെന്നും ഭര്‍ത്താവ് പറഞ്ഞതായി ബീഗം പരാതിയില്‍ പറയുന്നു. 

കഴിഞ്ഞ ഒമ്പത് മാസമായി പിതാവിന്റെ വീട്ടിലാണ് യുവതി താമസിക്കുന്നത്. സെപ്തംബറില്‍ ബീഗം ചാര്‍മിനാര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ദമ്പതികളെ കൗണ്‍സിലിംഗിന് വിളിപ്പിച്ചിരുന്നു. നവംബറില്‍ കൗണ്‍സിലിംഗിന് വന്നുപോയ ശേഷമാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതെന്ന് പോലീസ് പറയുന്നു. യുവതിയുടെ പരാതിയില്‍ ഇതുവരെ ആരേയും അറസ്റ്റു ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.