പിഞ്ചുകുഞ്ഞുമായി ജീവനൊടുക്കി; യുവതിയുടെ വിദേശത്തുള്ള ഭർത്താവിനെതിരെ കേസ്

തിരുവനന്തപുരം വര്‍ക്കലയില്‍ ഒന്നര വയസുള്ള മകളുമായി യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്‍റെ മാതാപിതാക്കളും സഹോദരിയും അറസ്റ്റില്‍. യുവതിയുടെ വിദേശത്തുള്ള ഭര്‍ത്താവിനെ ഒന്നാംപ്രതിയായും കേസ് റജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് ആമിന മകളുമായി കിണറ്റില്‍ ചാടി ആത്മഹത്യചെയ്തത്

ആത്മഹത്യാ പ്രേരണ കുറ്റത്തില്‍ ആമിനയുടെ ഭര്‍ത്താവ് മുഹമ്മദലിയുടെ മാതാപിതാക്കളായ വെട്ടൂര്‍ സ്വദേശി കിദ്വായി, റംലാബീവി മുഹമ്മദലിയുടെ സഹോദരി മുഹസിന എന്നിവരാണ് അറസ്റ്റിലായത്. 2015 ലായിരുന്നു ആമിനയുടെ വിവാഹം നടന്നത്.വിവാഹത്തിനു ശേഷം ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍ നിന്നും മാനസികവും ശാരീരികവുമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നതായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. നിത്യ ചെലവിനുള്ള പണം നല്‍കാതെ പീഡിപ്പിച്ച മുഹമ്മദലിയുടെ വീട്ടുകാര്‍  സ്വന്തം വീട്ടുകാരുമായി ഫോണില്‍ സംസാരിക്കാന്‍ പോലും ആമിനയെ അനുവദിച്ചിരുന്നില്ല.  

മരണത്തിനു കാരണം ഭര്‍തൃ വീട്ടുകാരുടെ നിരന്തര പീഡനമാണെന്നു ചൂണ്ടികാണിച്ചു ആമിനയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ മുഹമ്മദലിയുടെ പിതാവ് കിദ്വായി പോക്സോ കേസിലും പ്രതിയാണ്. വിദേശത്തുള്ള ആമിനയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ  മുഹമ്മദലിയെ നാട്ടിലെത്തിക്കാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു