അമിത ഫോൺ ഉപയോഗം രക്ഷിതാക്കൾ ചോദ്യം ചെയ്തു; രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി

അമിതമായ മൊബൈൽ ഫോൺ ഉപയോഗം രക്ഷിതാക്കൾ ചോദ്യം ചെയ്തതിനെ തുടർന്ന് ബെംഗളൂരുവിൽ ഒരേദിവസം രണ്ടു വിദ്യാത്ഥികൾ ജീവനൊടുക്കി.  13 കാരനും 16 കാരിയുമാണ് ആത്മഹത്യ ചെയ്തത്.  മകൻ മരിച്ചതിൽ മനം നൊന്ത് വിദ്യാത്ഥിയുടെ അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു.

തുടർച്ചയായി പബ് ജി കളിച്ചതിനെത്തുടർന്ന് അമ്മ മൊബൈൽ ഫോൺ വാങ്ങിവെച്ചതിന്റെ വാശിയിലാണ് ബെംഗളൂരു ബെനശങ്കരിയിൽ പതിമൂന്നുകാരനായ പവനൻ തൂങ്ങിമരിച്ചത്. മകൻ മരിച്ചതറിഞ്ഞു അമ്മ ജയന്തിയും മൂന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമം നടത്തി. ഇവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ പേരിൽ അമ്മവഴക്കിട്ടതിനെതുടർന്നാണ്  ഹനുമന്ത് നഗറിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പ്രിയങ്ക ജീവനൊടുക്കിയത്. 

കുട്ടികളിലെ അമിത മൊബൈൽ ഫോൺ ഉപയോഗം രക്ഷിതാക്കളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് അച്ഛൻ മൊബൈൽ ഫോൺ പിടിച്ചുവച്ചതിൽ പ്രതിഷേധിച്ച് സ്കൂൾ വിദ്യാർത്ഥി വീടുവിട്ടിറങ്ങിയത്. വീഡിയോ ഗെയിം കളിയ്ക്കാൻ വിസമ്മതിച്ചതിനു  ബെലഗാവിയിൽ കഴിഞ്ഞമാസം യുവാവ് പിതാവിനെ കഴുത്തറത്തു കൊലപ്പെടുത്തിയിരുന്നു. അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലം സമാന സംഭവങ്ങൾ തുടർക്കഥയാവുകയാണ്.