കൊല്ലത്തു മോഷണ പരമ്പര, അഞ്ചരലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്നു

കൊല്ലത്തു മോഷണ പരമ്പര. കുണ്ടറയിലെ ഒരു സ്വകാര്യ സ്കൂളില്‍ നിന്നു അഞ്ചരലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്നു. അ‍ഞ്ചലില്‍ കട കുത്തിതുറന്ന് ഇരുപത്തിഅയ്യായിരം രൂപയും സ്റ്റേഷനറി സാധനങ്ങളും മോഷ്ട്ടിച്ചു. ആള്‍താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന രണ്ടു പേര്‍ കൊട്ടാരക്കര പൊലീസിന്റെ പിടിയിലായി

കുണ്ടറ കേരളപുരത്തെ സെന്റ് വിൻസന്റ് സ്കൂളില്‍ അര്‍ധരാത്രിയോടെയായിരുന്നു മോഷണം. ജനല്‍ കുത്തിതുറന്ന് അകത്തുകടന്ന കള്ളന്‍ അഞ്ചര ലക്ഷംരൂപയും സി.സി ടി വി ക്യാമറയും ഇതിന്റെ ഹാര്‍ഡ്ഡിസ്കും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്നു. അഞ്ചല്‍ കുരുവിക്കോണത്തുള്ള വിജയകുമാറിന്റെ സ്റ്റേഷനറി കടയാണ് കൊള്ളയടിച്ചത്. മേല്‍ക്കൂരയുടെ ഒാട് ഇളക്കി അകത്തു കടന്നവര്‍ ഇരുപത്തിഅയ്യായിരം രൂപയും ഭക്ഷ്യ ധാന്യങ്ങളും മോഷ്ടിച്ചു.

നിരവധി മോഷണക്കേസുകളില്‍ പ്രതികളായ കൊട്ടരക്കര തൃക്കണ്ണമംഗലം സ്വദേശി അജിമോന്‍, പുലമണ്‍ സ്വദേശി സുധീര്‍ എന്നിവരെ കൊട്ടാരക്കര പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് പുലമണ്ണിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് എ.സി അടക്കമുള്ള ഗൃഹോപകരണങ്ങള്‍ മോഷ്്ടിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.