പ്രവാസിയുടെ കടമുറിക്ക് നമ്പർ നൽകാതെ പഞ്ചായത്ത്; സിപിഎ ചോദിച്ചത് ലക്ഷങ്ങൾ

ഇടുക്കി തൊടുപുഴയ്ക്ക് സമീപം പെരുമങ്കണ്ടത്ത് നിര്‍മിച്ച കടമുറികെട്ടിടത്തിന് പഞ്ചായത്ത് അധികൃതര്‍ നമ്പര്‍ നല്‍കുന്നില്ലെന്ന പരാതിയുമായി പ്രവാസി രംഗത്ത്. പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞ് സിപിഐ പ്രാദേശിക നേതാക്കള്‍ ലക്ഷങ്ങള്‍ ചോദിച്ചു. സ്റ്റോപ് മെമൊ നല്‍കിയിട്ടും നിര്‍മാണ പ്രവര്‍ത്തനം തുടര്‍ന്നതിനാലാണ് നമ്പര്‍ നല്‍കാത്തതെന്നാണ് കല്ലൂര്‍ക്കാട് പഞ്ചായത്തിന്റെ  വിശദീകരണം.

മുപ്പത് കൊല്ലത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടില്‍ മടങ്ങിയെത്തിയ രവീന്ദ്രന്‍ നായര്‍ ഭാര്യ മല്ലികയുടെ പേരില്‍ വാങ്ങിയ എട്ടേമുക്കാല്‍ സെന്‍റിലാണ് കടമുറികളടങ്ങിയ കെട്ടിടം നിര്‍മിച്ചത്. 

റവന്യൂ രേഖകളില്‍ കരഭൂമി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൃഷി ഓഫീസര്‍ അത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. 2013ല്‍ കല്ലൂര്‍ക്കാട് പഞ്ചായത്ത് കെട്ടിട പെര്‍മിറ്റും നല്‍കി. അതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലായിരുന്നുവെന്നും ഇപ്പോള്‍ പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കുന്നില്ലെന്നുമാണ് പരാതി.

കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പിന്നിലുള്ള വസ്തുവിന്‍റെ ഉടമകള്‍ പരാതി നല്‍കിയതിനെതുടര്‍ന്നുണ്ടായ പ്രശ്നപരിഹാരത്തിനാണ് സിപിഐ പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയത്. ലക്ഷങ്ങള്‍ പ്രതിഫലം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. മൂവാറ്റുപുഴ ആര്‍ഡിഒയുടെ നിര്‍ദേശ പ്രകാരം പുതിയതായി എത്തിയ വില്ലേജ് ഓഫീസര്‍ നല്‍കിയ സ്റ്റോപ് മെമൊയാണ് കെട്ടിട നമ്പര്‍ നല്‍കാന്‍ തടസമെന്നാണ് കല്ലൂര്‍കാട് പഞ്ചായത്ത് അധികൃതരുടെ വാദം.