നിലമ്പൂർ ഹൈദ്രു കൊലപാതകത്തിൽ‍ ക്രൈംബ്രാഞ്ചിനും തുമ്പില്ല; നാട്ടുകാരുടെ പ്രതിഷേധം

മലപ്പുറം നിലമ്പൂര്‍ വെളളിമുറ്റത്തെ ബാവക്കൂത്ത് ഹൈദ്രുവിന്റെ കൊലപാതകത്തില്‍ 14 വര്‍ഷം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാന്‍ കഴിയാതെ പൊലീസ്. നാലു വര്‍ഷത്തെ ലോക്കല്‍ പൊലീസ് അന്വേഷണത്തിന് ശേഷം ക്രൈംബ്രാഞ്ചിനാണ് നിലവില്‍ അന്വേഷണ ചുമതല

2005 ജൂലൈ 18നാണ് കാലികളെ മേയ്ക്കാന്‍ വനത്തിലേക്ക് പോയ ഹൈദ്രു കൊല്ലപ്പെട്ടത്. തലക്ക് കല്ലുകൊണ്ടടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടിരുന്നു. മൃതദേഹം വനത്തിലൂടെ കുറെ ദൂരം വലിച്ചിഴച്ചു കൊണ്ടുപോയതും വ്യക്തമായിരുന്നു. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ പ്രതി ഉടന്‍ അറസ്റ്റിലാവുമെന്ന് പറഞ്ഞെങ്കിലും പിന്നീട് അന്വേഷണം എങ്ങുമെത്തിയില്ല.

ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ തുമ്പു ലഭിക്കാതെ വന്നതോടെയാണ് ക്രൈബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമായതോടെ നാട്ടുകാര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഒാഫീസിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

കാടും വീടുമായി മാത്രം ബന്ധപ്പെട്ട് ജീവിക്കുന്ന എഴുപത്തഞ്ചുകാരനായ ഹൈദ്രുവിന് ശത്രുക്കളുളളതായി കുടുംബത്തിനും നാട്ടുകാര്‍ക്കുമറിയില്ല. അന്വേഷണം പ്രത്യേക സംഘത്തിനോ സി.ബി.ഐക്കോ കൈമാറണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.