ക്ലോറോഫോം മുക്കിയ പഞ്ഞിക്ക് പിന്നാലെ പോയി; പ്രതി കുടുങ്ങിയ വഴി

പട്ടാപ്പകൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ ആറ് പവന്റെ മാല കവർന്ന കേസിൽ സമീപവാസിയായ യുവാവ് പൊലീസ് പിടിയിൽ. വിളവൂർക്കൽ മലയം കാവടി വിള വീട്ടിൽ ജയശങ്കറി(28)നെയാണ് സംഭവം നടന്ന് രണ്ടാം നാൾ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഹെൽമറ്റ് ധരിച്ചെത്തിയ പ്രതി വിളവൂർക്കൽ മലയം ഇന്ദ്രനീലത്തിൽ റയിൽവേ ഉദ്യോഗസ്ഥനായ വേലായുധൻ നായരുടെ ഭാര്യ ശ്രീകല(50)യുടെ മാലയുമായി കടന്നത്. ഈ സമയം ശ്രീകല മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.

തുറന്നു കിടന്ന മുൻവാതിൽ വഴി അകത്തു കയറിയ പ്രതി ഹാളിൽ കിടക്കുകയായിരുന്ന ശ്രീകലയുടെ മാല ആദ്യം പിടിച്ചു വലിക്കാൻ ശ്രമിച്ചു. പേടിച്ചു നില വിളിച്ച ശ്രീകലയെ ക്ലോറോഫോം നനച്ച പഞ്ഞി കൊണ്ടു ബോധംകെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. നിലത്തു വീണ ശ്രീകലയുടെ കഴുത്തിൽ നിന്നും ബലമായി താലി മാല ഊരി എടുത്തു മുൻവശത്തെ വാതിൽ പൂട്ടി പുറത്തിറങ്ങി ജയശങ്കർ സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. വീടുമായി അടുപ്പം ഉള്ള വ്യക്തിയാണ് പിന്നിലെന്ന് സംഭവ ദിവസം തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നു.

വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിലും ചില സൂചനകൾ ലഭിച്ചു. തുടർന്ന് സമീപവാസികളെയും  ബന്ധുക്കളെയും പൊലീസ് രഹസ്യമായി നിരീക്ഷിച്ചു.  സംഭവം നടന്ന വീട്ടിൽ നിന്നും കണ്ടെടുത്ത ക്ലോറോഫോം മുക്കിയ പഞ്ഞി നിർണായകമായി. ശ്രീകലയുടെ വീടുമായി നല്ല അടുപ്പം ഉണ്ടായിരുന്ന ജയശങ്കർ മാല കവർന്ന ശേഷം അവിടെ പോയിരുന്നില്ല. സംശയം തോന്നിയ പൊലീസ് ജയശങ്കറിനെ ഇന്നലെ രാവിലെ തന്ത്രപരമായി സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. 

വീട്ടിലെ വാതിലിലെയും പഞ്ഞിയിലെയും വിരലടയാളം പ്രതിയുടേതാണെന്ന് പൊലീസ് പറഞ്ഞു. വിളവൂർക്കൽ പൊറ്റയിൽ ഉള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് മാല പണയം വച്ചത്. ഇവിടെ നിന്നു പ്രതിയുമായി എത്തി പൊലീസ് മാല കണ്ടെടുത്തു. സംഭവം നടന്ന വീട്ടിലും തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.മലയിൻകീഴ് സിഐ അനിൽകുമാർ, എസ്ഐ സൈജു എന്നിവരുടെ നേതൃത്വത്തിൽ റൂറൽ ഷാഡോ പൊലീസ് ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ക്ലോറോഫോം മുക്കിയ പഞ്ഞി പ്രതിയെ കുടുക്കി

മലയിൻകീഴ്∙ ക്ലോറോഫോം മുക്കിയ പഞ്ഞിയുടെ പിന്നാലെയുള്ള അന്വേഷണം പ്രതിയെ പിടികൂടാൻ സഹായകമായി. സംഭവം നടന്ന ദിവസം   സമീപത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. ഒടുവിലാണ് വീട്ടിൽ നിന്നു കണ്ടെടുത്ത പഞ്ഞി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.

പഞ്ഞിയിൽ നടത്തിയ ശാസ്ത്രീയ പരിശോധന വഴി ഏത് തരം ക്ലോറോഫോം ആണെന്ന് പുരട്ടിയതെന്ന് തിരിച്ചറിഞ്ഞു.പിന്നാലെ ഇതു വിൽപന നടത്തിയ നഗരത്തിലെ മെഡിക്കൽ സ്റ്റോർ പൊലീസ് കണ്ടെത്തി.ഇവിടെ നിന്നാണ് പ്രതിയെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചത്. ജയശങ്കറിന് വീട്ടുകാരുമായി നല്ല അടുപ്പം ഉണ്ടെന്നും അറിഞ്ഞതോടെ ഇയാളാണെന്ന് ഉറപ്പിച്ചു. പ്രതിയുടെ വീടിന്റെ കാർപോർച്ചിൽ നിന്നു ക്ലോറോഫോം  കുപ്പിയും അന്വേഷണ സംഘം കണ്ടെടുത്തു.