പ്രതികളെ തേടി ഉൾവനത്തിൽ; എയർഗൺ ചൂണ്ടി രക്ഷപ്പെടാൻ ശ്രമം, മൽപ്പിടുത്തം, ഒടുവിൽ..

ആലുവ: സ്വർണക്കവർച്ച കേസ് പ്രതികളെ തേടി മൂന്നാർ വനമേഖലയിൽ എത്തിയ പൊലീസ് സംഘത്തെ പിടിയിലാകുന്നതിനു മുൻപും ശേഷവും അവർ മണിക്കൂറുകളോളം വട്ടംകറക്കി. ഇതിനിടെ നിർജലീകരണം മൂലം സിഐ എൻ.എസ്. സലീഷ് കുഴഞ്ഞുവീണു. അഗളി സിഐ ആയിരിക്കെ മാവോയിസ്റ്റുകൾക്കെതിരായ തണ്ടർബോൾട്ട് സംഘത്തിലെ അംഗമായി പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് അദ്ദേഹം കാടുകയറാൻ തീരുമാനിച്ചത്

കൂടെയുണ്ടായത് എസ്ഐ അനൂപ് സി. നായരും 4 പൊലീസുകാരും മാത്രം. മാട്ടുപ്പെട്ടിയിലെ ഹോം സ്റ്റേയിൽ കഴിഞ്ഞ പ്രതികൾ പൊലീസ് എത്തിയപ്പോഴേയ്ക്കും രക്ഷപ്പെട്ടു. അതിനിടെ പൊലീസ് സഞ്ചരിച്ച ജീപ്പ് മറിഞ്ഞു. തുടർന്നു സിങ്കുകണ്ടം, സൂര്യനെല്ലി, വട്ടവട, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലെ അന്വേഷണത്തിനു ശേഷം ചിന്നക്കനാലിൽ നിന്നു 15 കിലോമീറ്റർ അകലെ തൊടിയൂർ ഉൾവനത്തിൽ നിന്നാണു പ്രതികളെ പിടികൂടിയത്. പ്രതി സതീഷിന്റെ ബന്ധു തമിഴ്നാട്ടുകാരനിൽ നിന്നു പാട്ടത്തിനെടുത്തു നടത്തുന്ന എസ്റ്റേറ്റിലെ പഴയ കെട്ടിടത്തിലായിരുന്നു ഇവർ. 10 കിലോഗ്രാം ഇറച്ചിയും 20 കിലോഗ്രാം അരിയും ഇവിടെയുണ്ടായിരുന്നു

പ്രതികൾ എയർഗൺ ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തി. ഓട്ടത്തിനിടെ പാറപ്പുറത്തു നിന്നു വീണു റാഷിദിന്റെ 2 കാലുകൾക്കും പരുക്കേറ്റു. റൂറൽ എസ്പി രാഹുൽ ആർ. നായർ, അഡീഷനൽ എസ്പി എം.ജെ. സോജൻ, ഡിവൈെഎസ്പി കെ.എ. വിദ്യാധരൻ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.

എസ്ഐമാരായ ഷമീർ ഖാൻ, ജോയി സെബാസ്റ്റ്യൻ, എഎസ്ഐമാരായ പി. സുരേഷ്, സജീവ് ചന്ദ്രൻ, നിസാർ, ഷാജി, സീനിയർ സിപിഒമാരായ സാബു, എം.എ. ബിജു, കെ.പി. ഷാജി, ജോർജ് തോമസ്, കെ.ആർ. സന്തോഷ്, രാമചന്ദ്രൻ, സിപിഒമാരായ നവാബ്, പി.എ. ഷമീർ, ജോയ് ചെറിയാൻ, നൗഫൽ, റിദേഷ്, ജെറിഷ്, ശ്യാംകുമാർ, ജാബിർ, രഞ്ജിത്, മനോജ്കുമാർ, അയൂബ് ഖാൻ, മുഹമ്മദ് സലിം, അരുൺ, ബിനോയ് എന്നിവർ പങ്കെടുത്തു.