വിദ്യാർഥി പഠനത്തിൽ പിന്നോട്ട്; കാരണം ലഹരിമരുന്ന് ഉപയോഗം; രണ്ട് പേര്‍ പിടിയിൽ

തൃശൂര്‍ നഗരത്തില്‍ മൂന്നു കോടി രൂപയുടെ ലഹരിമരുന്നുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. രണ്ടേക്കാല്‍ കിലോ ഹഷിഷ് ഓയില്‍ ഉള്‍പ്പെടെ നിരവധി ലഹരിമരുന്നുകള്‍ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. 

ഓണ്‍ലൈനായി ലഹരിമരുന്നു വില്‍പന നടത്തുന്ന മിഥുനും കൂട്ടാളിയുമാണ് പിടിയിലായത്. രണ്ടേക്കാല്‍ കിലോ ഹഷിഷ് ഓയില്‍, ലഹരി സ്റ്റാംപുകള്‍ തുടങ്ങിയവയാണ് രണ്ടു പേരുടെ പക്കല്‍ നിന്നായി കണ്ടെടുത്തത്. മിഥുന്‍റെ കൂട്ടാളി പതിനാലു വയസുകാരനാണ്. നന്നായി പഠിച്ചിരുന്ന വിദ്യാര്‍ഥി പഠനത്തില്‍ നിന്ന് പിന്നാക്കം പോയതോടെ വീട്ടുകാര്‍ സംശയിച്ചു. അങ്ങനെ, എക്സൈസ് ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ പറഞ്ഞു. വിദ്യാര്‍ഥിയെ ചോദ്യംചെയ്തപ്പോഴാണ് മിഥുനാണ് ലഹരിമരുന്നു നല്‍കുന്നതായി കണ്ടെത്തിയത്. ലഹരി മരുന്നിന്‍റെ ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് ഉദ്യോഗസ്ഥര്‍ സമീപിച്ചായിരുന്നു വലയൊരുക്കിയത്. ടെലഗ്രാം എന്ന ആപ്പ് വഴിയായിരുന്നു ലഹരിമരുന്നു വില്‍പന. 

അലങ്കാര മല്‍സ്യ വില്‍പന കേന്ദ്രത്തിലെ ജീവനക്കാരനാണ് അറസ്റ്റിലായ മിഥുന്‍. ഒരു ഗ്രാം ഹഷിഷ് ഓയിലിന് 1250 രൂപക്കാണ് വിറ്റിരുന്നത്.  ആന്ധ്രാപ്രദേശിൽ നിന്ന്  ഹഷിഷ് ഓയിൽ കൊണ്ടുവന്നതെന്ന് പ്രതി മൊഴിനല്‍കി. ലഹരിമരുന്നു ശൃംഖലയില്‍ കൂടുതല്‍ കണ്ണികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെ, കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.