ആനവേട്ടക്കേസിൽ മുഖ്യപ്രതി തങ്കച്ചിക്ക് ജാമ്യം; കുടുക്കിയതെന്ന് പ്രതി

ഇടമലയാർ ആനവേട്ടക്കേസില്‍ കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ പിടിയിലായ മുഖ്യപ്രതി തങ്കച്ചി കോതമംഗലം കോടതിയില്‍ ഹാജരായി. കഴിഞ്ഞദിവസം കൊല്‍ക്കത്ത കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനാല്‍ ഇവരെ വനംവകുപ്പിന് കസ്റ്റഡിയില്‍ ലഭിച്ചില്ല.  അതേസമയം തങ്കച്ചിയുടെ മകന്‍ അജേഷിനെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. 

ആനവേട്ടക്കേസിലെ പ്രതികളായ തങ്കച്ചി എന്ന് വിളിക്കുന്ന സിന്ധുവിനെയും മകന്‍ അജേഷിനേയും കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. 2015 മുതലുള്ള കാലയളവില്‍ ഇടമലയാർ വനമേഖലകളിൽ നിന്ന് 40ലധികം ആനകളെ വെടിവച്ച് കൊന്ന് കൊമ്പെടുത്ത സംഘം അവ കൊൽക്കത്തയിൽ തങ്കച്ചി വഴി വിൽപന നടത്തിയെന്നാണ് കേസ്. കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടിയ തങ്കച്ചിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ബുധനാഴ്ച രാത്രി കൊച്ചിയിലെത്തിയ തങ്കച്ചി,  ഉച്ചകഴിഞ്ഞാണ് കോതമംഗലം കോടതിയില്‍ ഹാജരായത്. തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് തങ്കച്ചി മാധ്യമങ്ങളോട് പ്രതികരിച്ചു. 

കൊല്‍ക്കത്ത കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനാല്‍ കോതമംഗലം കോടതി കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് തങ്കച്ചിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വനംവകുപ്പ്. രാവിലെ കോടതിയില്‍ ഹാജരാക്കിയ മകന്‍ അജീഷിനെ പത്തുദിവസത്തേയ്ക്ക് വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. കേരളത്തിൽ നിന്ന് കടത്തിയ ആനക്കൊമ്പുകളുമായി തങ്കച്ചിയുടെ ഭർത്താവിനെയും മകളെയും കഴിഞ്ഞയാഴ്ച കൊൽക്കത്തയിൽ നിന്ന് ഡിആർഐ പിടികൂടിയിരുന്നു.