അനന്തു വധം: പ്രത്യേകസംഘം അന്വേഷിക്കണമെന്ന് കുടുംബം; ഡിജിപിക്ക് പരാതി

അനന്തു വധക്കേസ് പ്രത്യേകസംഘം അന്വേഷിക്കണമെന്ന് കുടുംബം. അസിസ്റ്റന്റ് കമ്മീഷ്ണര്‍ റാങ്കിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി. തെളിവുകളില്ലെന്ന പേരില്‍ പ്രതികള്‍ നിസാര ശിക്ഷ വാങ്ങി രക്ഷപെടുമോയെന്ന് ആശങ്കയുണ്ടെന്ന് കുടുംബം പറഞ്ഞു.

അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. പത്ത് പേര്‍ക്ക് കൊലയില്‍ നേരിട്ടും നാല് പേര്‍ക്ക് ഗൂഡാലോചനയിലും പങ്കെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊലപാതകത്തിന് ദൃക്സാക്ഷികളില്ലങ്കിലും സാഹചര്യ , ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് കുറ്റപത്രം തയാറാക്കാനാണ് ഇനി അന്വേഷണ സംഘത്തിന്റെ ശ്രമം. എന്നാല്‍ ലഹരിമാഫിയ സംഘങ്ങളായ പ്രതികള്‍ രക്ഷപെട്ടുപോകുമോയെന്ന ആശങ്കയാണ് മാതാപിതാക്കളുടെയുള്ളില്‍.

ഇത് മൂലമാണ് കരമന സി.ഐയില്‍ നിന്ന് അന്വേഷണം  മാറ്റി എ.സി.പി റാങ്കിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം വേണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലംമാറിയെത്തിയ ഉദ്യോഗസ്ഥനാണ് കരമന സി.ഐ. തിരഞ്ഞെടുപ്പിന് ശേഷം അദേഹം വീണ്ടും സ്ഥലംമാറിയാല്‍ അന്വേഷണം പാതിവഴിയില്‍ നിലക്കുന്ന അവസ്ഥയാകും. 

ഇത് ഒഴിവാക്കാനും 90 ദിവസത്തിനകം തെളിവ് ശേഖരിച്ച് കുറ്റപത്രം നല്‍കാനും സാധിക്കുന്ന തരത്തില്‍ പ്രത്യേകസംഘം വേണമെന്നാണ് ആവശ്യം. നേരത്തെ കോവളത്ത് വിദേശവനിതയുടെ കൊലപാതകകേസിലും കുറ്റപത്രം നല്‍കുന്നതിലെ വീഴ്ച മൂലം പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങിയരുന്നു.