ഓർമ്മശക്തി കൂടുമെന്നും പ്രചരിപ്പിച്ച് ലഹരി വിൽപ്പന; കൊലപാതക ശ്രമ കേസ് പ്രതി പിടിയിൽ

തൃശൂര്‍ വലപ്പാട് കൊലപാതക ശ്രമ കേസ് പ്രതിയും കൂട്ടാളിയും കഞ്ചാവുമായി അറസ്റ്റിലായി. മുറ്റിച്ചൂർ സ്വദേശികളായ ഹിരത്ത്,   ഹാരിസ് എന്നിവരാണ് പിടിയിലായത്. അന്തിക്കാട് വാടാനപ്പിള്ളി സ്റ്റേഷനുകളിലായി ഒട്ടേറ  വധശ്രമ കേസുകളിലും കഞ്ചാവു കേസിലും പ്രതിയാണ് പിടിയിലായ ഹിരത്ത്.പതിനാറു വയസ്സു മുതൽ ഇയാൾ ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്. തമിഴ്നാട്ടിൽ നിന്ന് ബൈക്കിലാണ് സംഘം കഞ്ചാവ് എത്തിക്കുന്നത്. വിജനമായ സ്ഥലങ്ങളിലെ കുറ്റിക്കാടുകളിൽ രഹസ്യമായി സൂക്ഷിച്ചാണ് വിൽപന. അഞ്ഞൂറ്, ആയിരം രൂപയുടെ ചെറു പായ്ക്കറ്റുകളിലാക്കി വിദ്യാർത്ഥികൾക്ക് ബൈക്കിൽ എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഇവരുടെ സംഘത്തിൽപ്പെട്ട മറ്റൊരാളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടും ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. 

പരീക്ഷ കാലമായതിനാൽ ഓർമ്മശക്തി കൂടുമെന്നും, ബുദ്ധി വർദ്ധിക്കുമെന്ന് പ്രചരിപ്പിച്ചാണ് ലഹരി മാഫിയകൾ വിദ്യാർത്ഥികളെ പാട്ടിലാക്കുന്നത്. ഇങ്ങനെ മയക്കുമരുന്നിന് അടിമകളായി മാനസിക തകരാറിലാകുന്ന യുവാക്കളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.ഒരു തവണ ഇവ ഉപയോഗിച്ചാൽ പിന്നീട് ഇതിൽ നിന്ന് മുക്തമാകുക എളുപ്പമല്ല. ഇത് അറിയാവുന്ന മാഫിയകൾ തുടക്കക്കാർക്ക് സൗജന്യമായി കഞ്ചാവ് നൽകുന്ന പതിവുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  ലഹരി വേട്ടയ്ക്കായി വിവിധ സ്റ്റേഷനുകളിലെ പോലീസുകാരെ  ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം റൂറൽ എസ്.പി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. ഇവരുടെ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.