ഹോളി ദിനത്തില്‍ ക്രിക്കറ്റ് കളിച്ചു; മുസ്ലീം കുടുംബത്തിന് നേരെ ആക്രമണം; ദൃശ്യങ്ങൾ പുറത്ത്

ഹോളി ദിനത്തില്‍ ഹരിയാനയിലെ മുസ്‍ലിം കുടുംബത്തിന് നേരെ ആള്‍കൂട്ട ആക്രമണം നടന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പാക്കിസ്ഥാനില്‍ പോയി ക്രിക്കറ്റ് കളിക്കുവെന്ന് പറഞ്ഞു തുടങ്ങിയ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ ആറു പേര്‍ അറസ്റ്റിലായി. 

ഗുരുഗ്രാമിലെ ധമസ്പൂര്‍ ഗ്രാമത്തില്‍ മുഹമ്മദ് സാജിദിന്റെ കുടുംബത്തിന് നേരെയായിരുന്നു മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരആക്രമണം. സാജിദിന്റെ വീട്ടിലെത്തിയ അതിഥികള്‍ക്കൊപ്പം കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ പാക്കിസ്ഥാനില്‍ പോയി കളിക്കുവെന്ന് ആക്രോശിച്ചു.  സാജിദ് ഇത് ചോദ്യം ചെയ്തപ്പോള്‍ ഭീഷണി മുഴക്കി സംഘം മടങ്ങി. പത്തുമിനുട്ടിന് ശേഷം വടികളും വാളുകളുമായി 25ലധികം ആളുകള്‍ തിരികെയെത്തി. സംഘത്തെ കണ്ട് കുട്ടികള്‍ വീടിനുള്ളിലേക്ക് ഓടിക്കയറി. എന്നാല്‍, താഴത്തെ നിലയിലെ വാതില്‍ ചവിട്ടിപൊളിച്ച് വീടിനുള്ളില്‍ കയറിയ അക്രമികള്‍, പുരുഷന്മാരെ ക്രൂരമായി മര്‍ദ്ദിച്ചു. 

തടയാന്‍ചെന്ന സ്ത്രീകളെയും കുട്ടികളെയും വെറുതേവിട്ടില്ല. മുകള്‍ നിലയിലെ ടെറസില്‍ അഭയംതേടിയ കുടുംബത്തിലെ മറ്റുള്ളവര്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അക്രമിസംഘം സ്വര്‍ണവും 25000 രൂപയും അടക്കം വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ത്താണ് സംഘം മടങ്ങിയത്. സംഭവത്തില്‍  കേസെടുത്ത പൊലീസ് ദൃശ്യങ്ങളിലുള്ള ആറ് പേരെ അറസ്റ്റു ചെയ്തു. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് പറയുന്നു.