പേരാവൂർ ശ്യാമപ്രസാദ് വധം; ഏഴാം പ്രതി കോടതിയിൽ കീഴടങ്ങി

കണ്ണൂർ പേരാവൂരിൽ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ ആക്രമിച്ച്  കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതി  സെയ്ദ് മുഹമ്മദ് സലാഹുദീൻ  മട്ടന്നൂർ കോടതിയിൽ കീഴടങ്ങി. ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിലധികമായി സലാഹുദീൻ ഒളിവിലായിരുന്നു.  ആകെ 13 പ്രതികൾ ഉള്ള കേസിൽ ഇതോടെ 11 പേർ പിടിയിലായി. 

2018 ജനുവരി 19നാണ് എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെടുന്നത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ  വെട്ടികൊല്ലുകയായിരുന്നു. ഐടിഐ വിദ്യാര്ഥിയായിരുന്ന ശ്യാമപ്രസാദ് കാക്കയങ്ങാട് ഐടിഐയിൽ നിന്ന്  വീട്ടിലേക്ക് പോകുന്ന വഴിയായിരിന്നു കൊലപാതകം. കേസിലെ ഒന്നു മുതല്‍ നാലുവരെ പ്രതികളായ മുഴക്കുന്ന് പാറക്കണ്ടത്തെ പുത്തന്‍ വീട്ടില്‍ മുഹമ്മദ്, മിനിക്കോല്‍ വീട്ടില്‍ സലീം, സമീറ മന്‍സിലില്‍ സമീര്‍, കീഴല്ലൂര്‍ പാലയോടിലെ മുഹമ്മദ് ഷാഹിം എന്നിവര്‍ സംഭവ ദിവസം തന്നെ  അറസ്റ്റിലായിരുന്നു. 

ആകെ 13 പ്രതികൾ ഉള്ള കേസിൽ  ഇതോടെ 11 പേർ പിടിയിലായി. സലാഹുദ്ദീനും സഹോദരൻ നിസാമുദീനും ആണ് അക്രമത്തിന്റെയും കൊലപാതകത്തിന്റെയും പ്രധാന സൂത്രധാരൻമാർ എന്നാണ് പൊലീസ് കണ്ടെത്തൽ.  ഗൂഢാലോചന, ആസൂത്രണം, വാഹനം, ആയുധങ്ങൾ എത്തിക്കൽ തുടങ്ങി എല്ലാ കാര്യങ്ങളിലും ഇവർക്ക് പങ്കുള്ളതായി പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കീഴടങ്ങിയ സലാഹുദീനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിവിൽ കഴിയുന്ന രണ്ടു പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.